ടി.ഉബൈദിന്റെ സ്മരണയ്ക്കായി ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി പുരസ്കാരം സമ്മാനിക്കുന്നു

ദുബായ്: കവി ടി. ഉബൈദിന്റെ ഓർമയ്ക്കായി ദുബായ് കെ.എം.സി.സി. കാസർകോട് ജില്ലാ കമ്മിറ്റി സാഹിത്യ ശ്രേഷ്ഠ അവാർഡ് നൽകുന്നു. സാഹിത്യകാരൻ, കവി, അധ്യാപകൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങി എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിച്ച ഉബൈദ് മാസ്റ്ററുടെ 48-ാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 1972 ഒക്ടോബർ മൂന്നിനാണ് അദ്ദേഹം അന്തരിച്ചത്. കേരളത്തിൽ വിദ്യാഭ്യാസ രംഗത്തും മലയാള സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്തിയെയാണ് അവാർഡിനായി തിരഞ്ഞെടുക്കുന്നത്. പ്രശംസാപത്രവും, 50,001 രൂപയും അടങ്ങുന്നതാണ് അവാർഡ്.
ഇതുസംബന്ധിച്ച ആലോചനായോഗത്തിൽ ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ കൗൺസിലംഗം യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി. പ്രസിഡന്റ് എളേറ്റിൽ ഇബ്രാഹിം, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, ഹനീഫ് ചെർക്കളം, അഡ്വ. ഇബ്രാഹിം ഖലീൽ, ഹനീഫ് ടി.ആർ. മേൽപറമ്പ്, അഫ്സൽ മെട്ടമ്മൽ, മജലീൽ പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതവും സലാം തട്ടാഞ്ചേരി നന്ദിയും പറഞ്ഞു.