ഐപിഎല്ലില്‍ കൊൽക്കത്തയെ തകർത്ത് ഗുജറാത്ത്: പട്ടികയിൽ ഒന്നാമത് തുടരുന്നു

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്. 39 റണ്‍സിനാണ് ഗുജറാത്തിന്റെ ജയം. 199 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ ആയുള്ളൂ. ജയത്തോടെ ഗുജറാത്ത് പട്ടികയില്‍ ഒന്നാമത് തുടരുന്നു.
ഗുജറാത്ത് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക് ആദ്യ ഓവറില്‍ തന്നെ റഹ്‌മാനുള്ള ഗുര്‍ബാസിനെ നഷ്ടമായി. എന്നാല്‍ സുനില്‍ നരെയ്‌നും അജിങ്ക്യ രഹാനെയും സ്‌കോറുയര്‍ത്തി. 17 റണ്‍സെടുത്ത നരെയ്‌നെ റാഷിദ് ഖാന്‍ പുറത്താക്കിയതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലായി. പിന്നാലെ വെങ്കടേഷ് അയ്യരും(14) മടങ്ങി.
നായകന്‍ രഹാനെ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 36 പന്തില്‍ നിന്ന് രഹാനെ അമ്പത് റണ്‍സെടുത്തു. ആന്ദ്ര റസ്സല്‍(21), രമണ്‍ദീപ്‌സിങ്(1),മോയിന്‍ അലി(0) എന്നിവരും പുറത്തായതോടെ കൊല്‍ക്കത്ത 119-7 എന്ന നിലയിലായി. റിങ്കു സിങ്(17) അങ്ക്രിഷ് രഘുവംശി(27) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും 159 റണ്‍സില്‍ കെകെആര്‍ ഇന്നിങ്‌സ് അവസാനിച്ചു.
നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് 198 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് സാവധാനമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ശ്രദ്ധയോടെയാണ് കൊല്‍ക്കത്ത ബൗളര്‍മാരെ നേരിട്ടത്. ആറോവറില്‍ 45 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. എന്നാല്‍ പവര്‍പ്ലേയ്ക്ക് ശേഷം ടീം കളിശൈലി മാറ്റി. ഗില്ലും സുദര്‍ശനും കത്തിക്കയറിയതോടെ സ്‌കോര്‍ കുതിച്ചു.
പത്തോവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സെന്ന നിലയിലായിരുന്നു ഗുജറാത്ത്. പിന്നാലെ ഗില്ലും സുദര്‍ശനും അര്‍ധസെഞ്ചുറി തികച്ചു. ഒടുവില്‍ 13-ാം ഓവറില്‍ ആന്ദ്ര റസ്സലാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. 36 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത സായ് സുദര്‍ശനെ റസ്സല്‍ ഗുര്‍ബാസിന്റെ കൈകളിലെത്തിച്ചു. മൂന്നാമനായി ഇറങ്ങിയ ബട്‌ലറും അടിച്ചുകളിച്ചതോടെ ഗുജറാത്ത് സ്‌കോര്‍ ഉയര്‍ന്നു.
ടീം സ്‌കോര്‍ 172 ല്‍ നില്‍ക്കേ ശുഭ്മാന്‍ ഗില്‍ പുറത്തായി. 55 പന്തില്‍ നിന്ന് 90 റണ്‍സെടുത്താണ് താരം പുറത്തായത്. പിന്നാലെ രാഹുല്‍ തെവാട്ടിയ ഡക്കായി മടങ്ങി. അടിച്ചുകളിച്ച ബട്‌ലര്‍ സകാേര്‍ 198 ലെത്തിച്ചു. ബട്‌ലര്‍ 23 പന്തില്‍ നിന്ന് 41 റണ്‍സെടുത്തു.