KSDLIVENEWS

Real news for everyone

പുതിയ ഹൈവേ ഇരുചക്ര വാഹനങ്ങൾക്ക് ‘നോ എൻട്രി’ ബൈക്കുകൾ സർവീസ് റോഡ് ഉപയോഗിച്ചാൽ മതി

SHARE THIS ON

കണ്ണൂര്‍: ദേശീയപാത-66 ന്റെ ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാനാകില്ല. അവര്‍ക്ക് സര്‍വീസ് റോഡ് തന്നെ രക്ഷ. നിലവില്‍ എക്‌സ്പ്രസ് ഹൈവേകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സര്‍വീസ് റോഡിലൂടെയാണ് യാത്ര. എന്നാല്‍ കേരളത്തില്‍ ബൈപ്പാസുകളില്‍ ഉള്‍പ്പെടെ പലസ്ഥലത്തും സര്‍വീസ് റോഡില്ല. അത്തരം സ്ഥലങ്ങളില്‍ പഴയ റോഡ് വഴി പോയി വീണ്ടും സര്‍വീസ് റോഡിലേക്ക് കടക്കണം. എന്നാല്‍, പാലങ്ങളില്‍ സര്‍വീസ് റോഡില്ല. പുഴ കടക്കാന്‍ വേറെ വഴിയുമില്ല. അതിനാല്‍ അവിടെ ഇരുചക്രവാഹനങ്ങളെയും അനുവദിക്കാന്‍ ധാരണയായിട്ടുണ്ട്.

60 മീറ്ററിലെ ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഞെരുങ്ങിയത് സര്‍വീസ് റോഡാണ്. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കാമെന്ന നിര്‍ദേശം സര്‍ക്കാറിന് മുന്നിലുണ്ട്.

മാറുന്ന ചിത്രം

• സര്‍വീസ് റോഡില്‍ ബസ്ബേയില്ല. ബസ് ഷെല്‍ട്ടര്‍ മാത്രം. ഇതിന് നാലരമീറ്റര്‍ നീളവും 1.8 മീറ്റര്‍ വീതിയും. രണ്ടുമീറ്റര്‍ വീതിയുള്ള നടപ്പാതയിലാണ് (യൂട്ടിലിറ്റി കോറിഡോര്‍) ഷെല്‍ട്ടര്‍ സ്ഥാപിക്കുക. തലപ്പാടി-ചെങ്കള (39 കിമീ) റീച്ചില്‍ ഇരു സര്‍വീസ് റോഡുകളിലായി 77 സ്ഥലങ്ങളില്‍ ബസ് ഷെല്‍ട്ടറുണ്ട്.

• സര്‍വീസ് റോഡുകളില്‍ (6.75 മീറ്റര്‍ വീതം) ഇരുഭാഗങ്ങളിലേക്കും (ടു വേ) വാഹനങ്ങള്‍ ഓടിക്കാം. സ്ലാബിട്ട ഓവുചാല്‍ റോഡായി ഉപയോഗിക്കും. സര്‍വീസ് റോഡില്‍ പ്രത്യേക ബൈക്ക് ബേ ഇല്ല.

അടിപ്പാതകളില്‍ സൈക്കിള്‍വഴിയില്ല.

എന്‍ട്രി-എക്‌സിറ്റ് പോയിന്റുകള്‍: സര്‍വീസ് റോഡില്‍നിന്ന് ആറുവരിപ്പാതയിലേക്ക് കയറാനും ഇറങ്ങാനും വെവ്വേറെ വഴികളാണ്. ഒരേസ്ഥലത്ത് രണ്ടും ഉണ്ടാകുകയുമില്ല. ഈ റോഡിന് 24 മീറ്ററാണ് വീതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!