ഗൂഗിളിന് ശക്തമായ വെല്ലുവിളിയുമായി ഓപ്പണ്‍ എഐ, പുതിയ ഷോപ്പിങ് സെർച്ചുമായി ചാറ്റ് ജിപിടി

ചാറ്റ് ജിപിടി സെർച്ചിൽ ഇനി മെച്ചപ്പെട്ട വ്യക്തിപരമായ ഓൺലൈൻ ഷോപ്പിങ് അനുഭവവും ലഭ്യമാവും. തിങ്കളാഴ്ചയാണ് ഓപ്പൺ എഐ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. ചാറ്റ് ജിപിടി സെർച്ച് ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താവ് ഒരു ഉൽപ്പന്നം തിരയുമ്പോൾ, ചാറ്റ് ജിപിടി ആ ഉൽപ്പന്നത്തിന്റെ ചിത്രങ്ങളും വിശദവിവരങ്ങളും വിലയും റിവ്യൂവും ലഭ്യമാക്കും. ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളും സെർച്ച് ഫലങ്ങളിൽ ലഭ്യമാവും.
ചാറ്റ് ജിപിടി പ്ലസ്, പ്രോ വരിക്കാർക്കും സൗജന്യ ഉപഭോക്താക്കൾക്കും ഈ സെർച്ച് ഫീച്ചർ ലഭ്യമാവും. അക്കൗണ്ട് ഇല്ലാതെയും ചാറ്റ് ജിപിടിയിൽ ഉൽപ്പന്നങ്ങൾ തിരയാനാവും. ഫാഷൻ, ബ്യൂട്ടി, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും ഗൃഹോപകരണങ്ങൾക്കുമാണ് എഐ സെർച്ച് ഫലങ്ങളിൽ പ്രാമുഖ്യം നൽകുക.
സെർച്ച് രംഗത്ത് ഗൂഗിളുമായുള്ള ശക്തമായ മത്സരമാണ് ഓപ്പൺ എഐ ലക്ഷ്യമിടുന്നത്. എഐ ഉപയോഗിച്ച് തിരയുന്ന കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ കണ്ടെത്താനും ഫലപ്രദമായി മനസ്സിലാക്കാനും ഉപഭോക്താവിന് സാധിക്കുന്നു. സെർച്ച് രംഗത്ത് ഗൂഗിളിന്റെ കുത്തകയ്ക്കെതിരെ യുഎസ് ഭരണകൂടം തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് ഓപ്പൺ എഐയുടെ ഈ നീക്കം. ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട സെർച്ച് റിസൽട്ടിൽ പരസ്യങ്ങളുണ്ടാകില്ലെന്നും ഓപ്പൺ എഐ വ്യക്തമാക്കുന്നു.
ഉപഭോക്താവിന്റെ ചാറ്റ് ഹിസ്റ്ററിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തിപരമായ സെർച്ച് ഫലങ്ങളാണ് ചാറ്റ് ജിപിടി കാണിക്കുക. എന്നാൽ ഈ സൗകര്യം പണം നൽകി വരിക്കാരായവർക്ക് മാത്രമേ ലഭിക്കൂ.