പാര്‍ക്കിങ് ലിഫ്റ്റ് തകര്‍ന്ന് ലിഫ്റ്റും മറ്റൊരു കാറും നെക്‌സോണിന് മുകളില്‍; ഇതൊക്കെയെന്തെന്ന് ടാറ്റ

ഇന്ത്യന്‍ നിര്‍മിത വാഹനങ്ങളില്‍ ക്രാഷ്‌ടെസ്റ്റിനെ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെ അതിജീവിച്ച ആദ്യ വാഹനമായിരുന്നു ടാറ്റയുടെ നെക്‌സോണ്‍ എന്ന കോംപാക്ട് എസ്‌യുവി. പിന്നീട് പല സഹചര്യങ്ങളിലും ഈ വാഹനം സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടുണ്ട്. പല കാലങ്ങളില്‍ പല മാറ്റങ്ങളുമായി നെക്‌സോണ്‍ എസ്‌യുവി എത്തിയിട്ടുണ്ടെങ്കിലും സുരക്ഷയില്‍ മാത്രം യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. നെക്‌സോണിന്റെ കരുത്ത് ഒരിക്കല്‍ കൂടി തെളിയിച്ച ഒരു സംഭവമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിരിക്കുന്ന ഒരു വാഹനത്തിന് മുകളിലേക്ക് ലിഫ്റ്റ് തകര്‍ന്ന് മറ്റൊരു കാര്‍ ഉള്‍പ്പെടെ വീണാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍, ഇങ്ങനെയുള്ള ഒരു സാഹചര്യത്തെയാണ് നെക്‌സോണ്‍ എന്ന കരുത്തന്‍ എസ്‌യുവി പുല്ലുപോലെ അതിജീവിച്ചിരിക്കുന്നത്. പാര്‍ക്ക് ലിഫ്റ്റ് തകര്‍ന്ന് വാഹനത്തിന് മുകളില്‍ വീണതിന് ശേഷമുള്ള ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചാണ് വാഹന ഉടമയായ ശൈല്യ ജഗ്ഗി ഈ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
സംഭവം ഇങ്ങനെ, ഒരു മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ശേഷം വ്യക്തിപരമായ കാര്യങ്ങള്‍ക്കായി പോയതായിരുന്നു ശൈല്യ ജഗ്ഗി. എന്നാല്‍, അല്‍പ്പ സമയത്തിന് ശേഷം പാര്‍ക്കിങ്ങിലെ സെക്യൂരിറ്റി അവരെ വിളിക്കുകയും പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നെന്നും അറിയിക്കുകയായിരുന്നു. തകര്‍ന്ന ലിഫ്റ്റും അതിന് മുകളില്‍ ഉണ്ടായിരുന്ന കാറും കൂടി നിങ്ങളുടെ കാറിന് മുകളിലാണ് വീണതെന്നും പറഞ്ഞതോടെ ജഗ്ഗി സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.
നിര്‍ത്തിയിട്ടിരിക്കുന്ന തന്റെ കാറിന് മുകളില്‍ ലിഫ്റ്റും അതില്‍ നിര്‍ത്തിയിരുന്ന മറ്റൊരു കാറും കൂടി വീണ് കിടക്കുന്നതാണ് ജഗ്ഗി അവിടെയെത്തിയപ്പോള്‍ കാണുന്നത്. ഓടിയെത്തി തന്റെ നെക്‌സോണ്‍ പരിശോധിച്ചപ്പോഴാണ് ആശ്വാസമായത്. വളരെ നിസാരമായ കേടുപാടുകള്‍ മാത്രമാണ് തന്റെ വാഹനത്തിന് സംഭവിച്ചിരിക്കുന്നത്. ഇതിനുശേഷമാണ് വാഹനത്തിന്റെ ചിത്രങ്ങളും മറ്റും എടുത്തത്. പിന്നീടാണ് തനിക്ക് ഉണ്ടായ അനുഭവം അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്.
ശൈല്യ ജഗ്ഗി തന്റെ പ്രിയപ്പെട്ട നെക്‌സോണ്‍ എസ്‌യുവിയെ സുസി എന്നാണ് വിശേഷിപ്പിക്കുന്നത്. ഞാന്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തില്‍ നിന്ന് മനസിലാകും എന്റെ വാഹനത്തിന് മുകളിലാണ് ലിഫ്റ്റിന്റെയും അതിന് മുകളിലെ കാറിന്റെയും മുഴുവന്‍ ഭാരവുമുള്ളത്. ഇത്രയും ഭാരം മുകളിലുണ്ടായിട്ടും ഒരു ചാംപ്യനെ പോലെയാണ് എന്റെ കാര്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. ഇത്രയും വിലയ അപകടമുണ്ടായിട്ടും ചെറിയ മുറിവുകള്‍ മാത്രമാണ് എന്റെ സൂസിക്ക് ഉണ്ടായിട്ടുള്ളതെന്നുമാണ് ശൈല്യ ജഗ്ഗി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.