സൈന്യത്തിന് പിന്തുണയേകാനായി ഇനി ടെറിട്ടോറിയല്‍ ആര്‍മിയും കളത്തിലിറങ്ങും : ചുമതല കരസേന മേധാവിക്ക്

ന്യുഡല്‍ഹി: ഇനി സൈന്യത്തിന് കൂട്ടായി പ്രവർത്തിക്കാൻ ടെറിട്ടോറിയല്‍ ആർമിയും. ആവശ്യമുള്ള ഘട്ടങ്ങളില്‍ ടെറിട്ടോറിയല്‍ ആർമിയെ ഉപയോഗപെടുത്തണമെന്ന് അറിയിച്ച് പ്രതിരോധമന്ത്രാലയം ഏറ്റവും പുതിയ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.
കരസേന മേധാവിക്കാണ് ഈ സൈനിക വിഭാഗത്തിൻ്റെ അധികാര ചുമതല നല്‍കിയിരിക്കുന്നത്. പ്രധാനമായും ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറൻ, കിഴക്കൻ കമാൻഡുകളിലുടനീളം വിന്യസിക്കുന്നതിനായി ടെറിട്ടോറിയല്‍ ആർമിയുടെ 14 ഇൻഫൻട്രി ബറ്റാലിയനുകളെ സേവനത്തിന് തയ്യാറാക്കാനാണ് കേന്ദ്ര സർക്കാർ കരസേനാ മേധാവിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
1948 ലെ ടെറിട്ടോറിയല്‍ ആർമി റൂളിലെ റൂള്‍ – 33 പ്രകാരം നല്കുന്ന അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ടെറിട്ടോറിയല്‍ ആർമിയിലെ ഓരോ ഉദ്യോഗസ്ഥനെയും ഓരോ അംഗത്തെയും അത്യാവശ്യ ഘട്ടങ്ങളില്‍ സേവനത്തിന് വിളിക്കാനാണ് കരസേനാ മേധാവിക്ക് ഇപ്പോള്‍ അധികാരം നല്‍കിയിരിക്കുന്നത്.


