ഐപിഎല്‍ നിര്‍ത്തിവെച്ചത് ഒരാഴ്ചത്തേക്ക്, പുതിയ ഫിക്സ്ചര്‍ ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനികപരമായ സംഘർഷം വർധിച്ചതിനെ തുടർന്ന് ഐപിഎല്‍ 2025 ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ ബിസിസിഐ (ബോർഡ് ഓഫ് കണ്‍ട്രോള്‍ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) തീരുമാനിച്ചു.
മെയ് 9 നാണ് ഈ തീരുമാനം എടുത്തത്. ഇതിന് തൊട്ടുമുൻപ്, ധർമ്മശാലയില്‍ നടക്കാനിരുന്ന പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരം വ്യോമാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
സുരക്ഷാപരമായ ആശങ്കകള്‍ ചൂണ്ടിക്കാട്ടി, താല്‍ക്കാലികമായി ഒരാഴ്ച മത്സരങ്ങള്‍ നിർത്തിവെക്കുക ആണെന്ന് ബി സി സി ഐ അറിയിച്ചു. പുതുക്കിയ ഷെഡ്യൂള്‍ ഉടൻ പുറത്തിറക്കുമെന്നും ബിസിസിഐ അറിയിച്ചു.
നേരത്തെ പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്‌എല്‍) അവരുടെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ബിസിസിഐ സെക്രട്ടറി ദേവജിത് സായ്കിയയുടെ അഭിപ്രായത്തില്‍, ഫ്രാഞ്ചൈസികള്‍, സംപ്രേക്ഷകർ, സ്പോണ്‍സർമാർ, കളിക്കാർ എന്നിവരുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനം എടുത്തത്. രാജ്യത്തിൻ്റെ സന്നദ്ധതയില്‍ വിശ്വാസമുണ്ടെങ്കിലും, എല്ലാ പങ്കാളികളുടെയും സുരക്ഷ പരമപ്രധാനമാണെന്ന് ബിസിസിഐ ഇന്ത്യൻ സായുധ സേനയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ലഖ്‌നൗ, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ വേദികളിലായി നടക്കാനിരുന്ന പന്ത്രണ്ട് ഐപിഎല്‍ ലീഗ് മത്സരങ്ങളാണ് ശേഷിക്കുന്നത്. പല വിദേശ കളിക്കാരും വർധിച്ചുവരുന്ന അനിശ്ചിതത്വത്തില്‍ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.