KSDLIVENEWS

Real news for everyone

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടു

SHARE THIS ON

ന്യുഡല്‍ഹി: ഇന്ത്യയിലുടനീളമുള്ള 32 വിമാനത്താവളങ്ങളിലെ എല്ലാ സിവില്‍ ഫ്ലൈറ്റ് പ്രവർത്തനങ്ങളും താല്‍ക്കാലികമായി നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ).

2025 മേയ് ഒമ്ബത് മുതല്‍ മേയ് 14 വരെയാണ് വിമാനത്താവളങ്ങള്‍ അടച്ചിടുന്നത്.

അധാംപൂർ, അംബാല, അമൃത്സർ, അവന്തിപൂർ, ബതിന്ദ, ഭുജ്, ബിക്കാനീർ, ചണ്ഡീഗഡ്, ഹല്‍വാര, ഹിൻഡോണ്‍, ജയ്സാല്‍മീർ, ജമ്മു, ജാംനഗർ, ജോധ്പൂർ, കാണ്ട്ല, കാംഗ്ര (ഗഗ്ഗല്‍), കെശോദ്, കിഷൻഗഡ്, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പത്താൻകോട്ട്, പട്യാല, പോർബന്ദർ, രാജ്കോട്ട് (ഹിരാസർ), സർസാവ, ഷിംല, ശ്രീനഗർ, തോയിസ്, ഉത്തർലായ് എന്നിവയാണ് അടച്ചിട്ട വിമാനത്താവളങ്ങള്‍. മേയ് 14 വരെയുള്ള അഞ്ച് ദിവസത്തേക്ക് ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ സിവില്‍ ഫ്ലൈറ്റ് പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുന്നുവെന്നാണ് എഎഐ പുറത്തിറക്കിയ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

ഇന്ത്യ – പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ മേയ് എട്ടിന് 24 വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടുന്നതായി എഎഐ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അടച്ചുപൂട്ടല്‍ 15 വരെ നീളുമെന്ന വിവരം പുറത്തുവന്നത്. മേഖലകളില്‍ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് എഎഐയുടെ നീക്കം. ജമ്മു, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ പാകിസ്ഥാൻ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങള്‍ ഇതിനെയെല്ലാം നിർവീര്യമാക്കിയെങ്കിലും വ്യോമയാന സുരക്ഷ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ചില വിമാനത്താവളങ്ങളില്‍ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകള്‍ റദ്ദാക്കിയത്. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാർക്ക് പൂർണമായ റീഫണ്ട് അല്ലെങ്കില്‍ യാത്ര പുനഃക്രമീകരിക്കാനുള്ള സൗകര്യവും പല വിമാനക്കമ്ബനികളും ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!