വ്യാപക തടസം; എയർടൽ സേവനങ്ങൾക്ക് എന്ത് പറ്റി? സോഷ്യൽ മീഡിയയിൽ പരാതിപ്രളയം

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയർടലിന് വ്യാപകമായ നെറ്റ്‌വർക്ക് തടസ്സങ്ങൾ നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. പല ഉപയോക്താക്കൾക്കും കോളുകൾ ചെയ്യാനാകുന്നില്ല. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും കഴിയുന്നില്ല.
കേരളത്തിന് പുറമെ ചെന്നൈ, കോയമ്പത്തൂർ, ഹൈദരാബാദ്, എന്നിവിടങ്ങളിലെ ഉപയോക്താക്കളിൽ നിന്നാണ് പരാതി ഉയരുന്നത്. എക്‌സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നെറ്റ്‌വർക്ക് തടസ്സങ്ങൾ വ്യാപകമായി ഉന്നയിക്കുന്നുണ്ട്. എയർടെൽ നെറ്റ്‌വർക്കുകളിൽ കോള്‍ ചെയ്യാനാകുന്നില്ലെന്നും കോൾ ഡ്രോപ്പുകൾ നേരിടുന്നുണ്ടെന്നുമാണ് പരാതി.
വൈകുന്നേരം 7:00 മണി മുതൽ കോളുകൾ ചെയ്യാൻ കഴിയുന്നില്ല എന്നാണ് മിക്ക ഉപയോക്താക്കളും എക്സിലൂടെ പങ്കുവെക്കുന്നത്. രാത്രി പതിനൊന്ന് പിന്നിട്ടിട്ടും പ്രശ്‌നം ഇതുവരെയും പരിഹരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലും കേരളത്തിന്റെ ചില ഭാഗങ്ങളിലും നെറ്റ്‌വർക്ക് പ്രശ്‌നങ്ങളുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ കമ്പനിയില്‍ നിന്നും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. സോഷ്യല്‍ മീഡിയകളില്‍ രസകരമായ മീമുകളും നിറയുന്നുണ്ട്.