മെസിയും അര്‍ജന്റീനയും വന്നാല്‍ എവിടെ കളിക്കും? തടസങ്ങള്‍ ഇങ്ങനെ

മെസിയും അർജന്റീനയും കേരളത്തില്‍ കളിക്കാനെത്തുമെന്ന പ്രതീക്ഷ മലയാളികളുടെ മനസില്‍ നിന്ന് ഏറെ അകന്ന് നില്‍ക്കുകയാണ് ഇപ്പോള്‍.
മന്ത്രിയുടേയും സ്പോണ്‍സർമാരുടേയും പരസ്പര വിരുദ്ധമായ പ്രതികരണങ്ങളോടെ തങ്ങള്‍ പറ്റിക്കപ്പെട്ടോ എന്നാണ് മെസിയുടെ വരവ് സ്വപ്നം കണ്ട ആരാധകരുടെ ചോദ്യം. മെസിയും സംഘവും കേരളത്തിലേക്ക് കളിക്കാൻ വരാനുള്ള സാധ്യത വിദൂരമാണ്. അതിനുള്ള കാരണങ്ങള്‍ നിരവധിയുണ്ട്.
കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയം, ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടത്താൻ പരിഗണിക്കുന്നത്. 2017ല്‍ അണ്ടർ 17 ലോകകപ്പ് നടന്നപ്പോള്‍ ഫിഫയുടെ സുരക്ഷാ നിബന്ധനകള്‍ പാലിക്കുന്നതിന് വേണ്ടി 29000 കാണികളെ മാത്രമാണ് കലൂരില്‍ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. ഫിഫയുടെ നിയമം അനുസരിച്ച് സ്റ്റേഡിയത്തില്‍ എന്തെങ്കിലും സുരക്ഷാ പ്രശ്നം ഉണ്ടായാല്‍ എട്ട് മിനിറ്റിനുള്ളില്‍ കാണികളെ സ്റ്റേഡിയത്തിന് പുറത്തിറക്കാൻ സാധിക്കണം. കലൂർ സ്റ്റേഡിയത്തില്‍ സംവിധാനങ്ങള്‍ ഇതിന് പ്രാപ്തമാണോ? പ്രാപ്തമല്ല എന്നതിനാലാണ് കാണികളുടെ എണ്ണം കുറയ്ക്കേണ്ടി വന്നത്. മാത്രമല്ല മെസിയേയും സംഘത്തേയും ഇത്രയും പണം മുടക്കി കൊണ്ടുവരുന്നത് 29000 കാണികള്‍ക്ക് മുൻപില് കളിപ്പിക്കാൻ വേണ്ടി മാത്രമാണോ?
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള ലൈസൻസ് റദ്ദാക്കിയത് സുരക്ഷ പ്രശ്നങ്ങളെ തുടർന്നാണ്. സ്റ്റേഡിയത്തില്‍ നിരവധി റെസ്റ്റോറന്റുകളുണ്ട്. ഫിഫയുടെ ചട്ടങ്ങള്‍ ഇത് അനുവദിക്കുന്നില്ല. അർജന്റീനയെ കൊണ്ടുവന്ന് കലൂരില്‍ മത്സരം സംഘടിപ്പിക്കുമ്ബോള്‍ ഈ കടകള്‍ അടച്ചിട്ടാല്‍ പോലും മത്സരം സംഘടിപ്പിക്കുക എത്രമാത്രം പ്രായോഗികമാണ്? ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തി വേണം മെസിയേയും അർജന്റീനയേയും കേരളത്തിലേക്ക് കൊണ്ടുവരാൻ.
ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ അർജന്റീനയുടെ മത്സരം വെച്ചാല്‍ കൂടുതല്‍ കാണികളെ പ്രവേശിപ്പിക്കാനാവും. എന്നാല്‍ ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരത്തിനുള്ള ടർഫ് കൊണ്ടുവരുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷൻ സമ്മതിക്കുമോ? കോടികള്‍ മുടക്കിയാണ് കെസിഎ ഗ്രീൻഫീല്‍ഡില്‍ പിച്ച് തയ്യാറാക്കിയിരിക്കുന്നത്. മത്രമല്ല, അർജന്റീനയെ കേരളത്തില്‍ കൊണ്ടുവന്ന് സൗഹൃദ മത്സരം കളിപ്പിക്കണം എങ്കില്‍ റാങ്കിങ്ങില്‍ 50നുള്ളില്‍ വരുന്ന ടീമിനേയും കൊണ്ടുവരണം. ഇതും സാധ്യമാകുമോ?
2026ലും മെസിയുടെ വരവിന് സാധ്യതയില്ല
മന്ത്രി അബ്ദുറഹ്മാൻ പറയുന്നത് അനുസരിച്ച് ഈ വർഷം ഒക്ടോബറില്‍ അർജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവരിക എന്നത് നിലവില്‍ പുറത്തുവന്നിരിക്കുന്ന അർജന്റീനയുടെ ഷെഡ്യൂള്‍ പ്രകാരം സാധ്യമായ കാര്യമല്ല. അർജന്റീനയുടെ ഒക്ടോബർ-നവംബർ മാസങ്ങളിലെ ഷെഡ്യൂള്‍ സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമായി കഴിഞ്ഞതായാണ് റിപ്പോർട്ടുകള്‍. അതില്‍ മാറ്റം വരുത്തി അർജന്റീന ടീം കേരളത്തിലേക്ക് എത്തുമോ?
2026 ഫിഫ ലോകകപ്പിന്റെ വർഷം ആണ്. ലോകകപ്പിന് മുൻപ് കേരളത്തില്‍ വന്ന് സൗഹൃദ മത്സരം കളിക്കാൻ അർജന്റീന പോലൊരു ടീം തയ്യാറാവില്ല. 2026 ലോകകപ്പിന് ശേഷം മെസി അർജന്റീന ടീമില്‍ ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. ലോകകപ്പ് കളിക്കുന്നത് സംബന്ധിച്ച് തന്നെ മെസി വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ 2026ലും മെസി ഉള്‍പ്പെട്ട അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരിക പ്രായോഗികമല്ല എന്ന വിലയിരുത്തലാണ് ശക്തം.