KSDLIVENEWS

Real news for everyone

യുഎഇയിൽ തൊഴിലവസരങ്ങളുടെ പെരുമഴ; പത്ത് ലക്ഷത്തോളം അവസരങ്ങൾ, മലയാളികൾക്കും നേട്ടം

SHARE THIS ON

അബുദാബി: യാത്രാ, വിനോദസഞ്ചാര മേഖലയിൽ യുഎഇ വളർച്ചയുടെ പാതയിൽ. 2025  അവസാനത്തോടെ 9.25 ലക്ഷം തൊഴിലവസരങ്ങൾ ഈ മേഖലയിൽ ഉണ്ടാകുമെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ (ഡബ്ല്യുടിസി) റിപ്പോർട്ട് ചെയ്തു. 2024 മുതൽ ഈ മേഖലയിൽ 8.98 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്.

ഡബ്ല്യുടിസിയുടെ വാർഷിക സാമ്പത്തിക പഠനമായ ഇക്കണോമിക് ഇംപാക്ട് റിസർച്ച് പ്രകാരം 2025ൽ യാത്രാ, വിനോദസഞ്ചാര മേഖലയിലൂടെ യുഎഇയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) 13 ശതമാനം പങ്ക് വരും. സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന   267.5 ബില്ല്യൻ ദിർഹമാകും. രാജ്യാന്തര സന്ദർശകരുടെ ചെലവു മാത്രം  228.5 ബില്ല്യൻ ദിർഹമായി ഉയരാനാണ് സാധ്യത. 2019ലെ റെക്കോർഡിനെ അപേക്ഷിച്ച് 37% വർധനയോടെയാണ് ഇത്.

അതേസമയം, രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാരവും വളർന്ന് 2025 ലെ ചെലവ് 60 ബില്ല്യൻ ദിർഹമായി ഉയരും. ഇത് 2019നെ അപേക്ഷിച്ച് 47% വർധനയാണ്. 2024ൽ ദുബായ് 18.72 ദശലക്ഷം രാജ്യാന്തര സന്ദർശകരെ ആകർഷിച്ചപ്പോൾ, രാജ്യത്തെ ആകെ വിനോദസഞ്ചാര ചെലവ്   257.3 ബില്ല്യൻ ദിർഹമാണ്.

യാസ് ഐലൻഡിലെയും സാദിയാത്ത് ഐലൻഡിലെയും വലിയ വിനോദപദ്ധതികൾ അബുദാബിയെ ആകർഷണ കേന്ദ്രമാക്കി മാറ്റുന്നു. ഗഗൻഹൈം മ്യൂസിയം, ഹാരി പോട്ടർ വേൾഡ്, ഡിസ്നി തീം പാർക്ക് റിസോർട്ട്, ഫെറാറി വേൾഡിലെ പുതിയ കോസ്റ്റർ, യാസ് വാട്ടർ വേൾഡിലെ 12 പുതിയ റൈഡുകൾ തുടങ്ങി ഒട്ടേറെ ആധുനിക ആകർഷണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടീം ലാബ് ഫിനോമെന അബുദാബി പോലുള്ള ഡിജിറ്റൽ ആർട് അനുഭവങ്ങളും സന്ദർശക ശ്രദ്ധ നേടുകയാണ്.

സ്മാർട് സിറ്റികൾ, അതിഥി സൗഹൃദ സംരഭങ്ങൾ, ലളിതമായ വീസാ സംവിധാനം എന്നിവയിലൂടെ യുഎഇ ആഗോള വിനോദ രംഗത്ത് മാതൃകയാണെന്ന് ഡബ്ല്യുടിസി പ്രസിഡന്റ് ജൂലിയ സിംപ്‌സൺ പറഞ്ഞു. ടൂറിസം സ്ട്രാറ്റജി 2031 പോലുള്ള പദ്ധതികൾ മേഖലയെ സുസ്ഥിരവും നവീനവുമായ രീതിയിൽ മുന്നോട്ട് നയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!