കുട്ടികളുടെ മുങ്ങി മരണം; കണ്ണീർ മഴയായി മാണിക്കോത്ത്; കളിച്ചുചിരിച്ചവർ ഒരുമിച്ചു പോയി

കാഞ്ഞങ്ങാട്: നാട് വിറങ്ങലിച്ചുപോയ നിമിഷങ്ങൾക്കാണ് ഇന്നലെ മാണിക്കോത്ത് സാക്ഷ്യംവഹിച്ചത്. കുട്ടികൾ പള്ളിക്കുളത്തിൽ മുങ്ങിമരിച്ചെന്ന വാർത്ത കേട്ടപാടെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. മൂന്നുപേരെയും ജീവനോടെ കരയ്ക്കെത്തിച്ചെന്നാണ് ആദ്യംകേട്ടത്. പിന്നാലെ രണ്ടുകുട്ടികൾ മരിച്ചെന്ന വിവരം വന്നു.മരിച്ച അൻവറിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും മലേഷ്യയിലാണ് ജോലി. കുടക് സ്വദേശിയായ ഹൈദർ 8 വർഷമായി മലേഷ്യയിൽ ജോലി ചെയ്യുന്നു. സുള്ള്യ സ്വദേശിനിയായ ആബിദ 4 വർഷം മുൻപാണ് മലേഷ്യയിലെത്തിയത്. ഗർഭിണിയായ ആബിദ നാട്ടിലേക്കു വരാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് മകന്റെ വേർപാട്. വല്യുമ്മയുടെ കൂടെ മഡിയനിലെ ക്വാർട്ടേഴ്സിലാണ് കുട്ടികൾ താമസിച്ചിരുന്നത്. മരിച്ച അഫാസിന്റെ പിതാവ് പൊതുപ്രവർത്തകനാണ്.
കളിച്ചുചിരിച്ചവർ ഒരുമിച്ചു പോയി
രാവിലെ മദ്രസ കഴിഞ്ഞു വരുമ്പോൾതന്നെ കുട്ടികൾ പള്ളിക്കുളത്തിൽ കുളിക്കാൻ ആലോചിച്ചിരുന്നു ഹാഷിം മറ്റു കുട്ടികളോട് കുളിക്കാൻ ആരെങ്കിലും വരുന്നുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. വൈകിട്ടോടെ 4 പേരും ചേർന്നു പള്ളിക്കുളത്തിലേക്ക് എത്തുകയായിരുന്നു. കുളത്തിൽനിന്നു 150 മീറ്റർ അകലെയാണ് അഫാസിന്റെ വീട്. അൻവറിന്റെയും ഹാഷിമിന്റെയും ക്വാർട്ടേഴ്സ് കുളത്തിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയും. മൂന്നു പേരും കുളിക്കാൻ ഇറങ്ങിയപ്പോൾ അൻവറിന്റെ സഹോദരൻ അജ്‌വത് കരയിൽ നിൽക്കുകയായിരുന്നു.മൂന്നുപേരും കുളത്തിൽ മുങ്ങുന്നതുകണ്ട അൻവറിന്റെ സഹോദരൻ അജ്‌വത് ആണ് വിവരം, കുളത്തിലേക്ക് വരികയായിരുന്ന 15 വയസ്സുകാരൻ റിയാനെയും കൂട്ടുകാരെയും അറിയിക്കുന്നത്. വിവരമറിഞ്ഞ ഉടൻ റിയാനും കൂട്ടുകാരും കുളത്തിലേക്കു ചാടി. റിയാൻ ആണ് അൻവറിനെയും ഹാഷിമിനെയും കരയിലെത്തിച്ചത്.വിവരമറിഞ്ഞ് പിന്നാലെയെത്തിയ ബാസിത് പാലക്കിയാണ് അഫീസിനെ കരയിലെത്തിച്ചത്. മുൻകാലങ്ങളിൽ വേനലിന് മുൻപായി കുളത്തിലെ ചെളിയും പായലും നീക്കുമായിരുന്നു. ഇത്തവണ ചെളി നീക്കിയിരുന്നില്ല.
മകൻ കുളത്തിലുള്ളത് അറിയാതെ അച്ഛന്റെ രക്ഷാപ്രവർത്തനം
കുളത്തിൽ മുങ്ങിയ ഹാഷിമിനെയും അൻവറിനെയും ആശുപത്രിയിലേക്കു കൊണ്ടുപോയത് അസീസാണ്. മകൻ കുളത്തിൽ മുങ്ങിയത് അറിയാതെയാണ് അസീസ് ഇരുവരെയുംകൊണ്ട് ആശുപത്രിയിലേക്ക് ഓടിയത്. പിന്നാലെയാണ് തന്റെ മകൻ അഫാസും കുളത്തിലുണ്ടായിരുന്നെന്ന വിവരം അസീസ് അറിയുന്നത്. അസീസിനെ സമാധാനിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും തേങ്ങി. കുളത്തിൽ 11 അടിയോളം വെള്ളമുണ്ടായിരുന്നെന്ന് അഗ്നിരക്ഷാസേന പറയുന്നു. കുട്ടികൾ അപകടത്തിൽപെട്ടതെങ്ങനെയെന്ന വിവരം വ്യക്തമായി അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് സ്റ്റേഷൻ ഓഫിസർ പവിത്രൻ പറഞ്ഞു. കൂടുതൽ കുട്ടികൾ ഉണ്ടോയെന്ന് അറിയാനായി മുങ്ങിയുള്ള പരിശോധനയും നടത്തി. വിവരമറിഞ്ഞ് എസ്ഐ അഖിലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, എസ്എച്ച്ഒ പി.അജിത്ത് കുമാർ എന്നിവർ ആശുപത്രിയിലെത്തി.