KSDLIVENEWS

Real news for everyone

ഓപ്പറേഷൻ സിന്ദൂർ; പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങള്‍, നാശം കണക്കുകൂട്ടാനാകാത്തത്

SHARE THIS ON

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ മൂലം പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങളെന്ന് റിപ്പോർട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്റെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പാകിസ്താന്‍, ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ടതോടെയാണ് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചത്. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന്റെ വിലയേറിയ യുദ്ധവിമാനങ്ങളാണ് നഷ്ടപ്പെട്ടത്.

ഒരു സി-130 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ്, രണ്ട് നിരീക്ഷണ വിമാനങ്ങള്‍, ഫൈറ്റര്‍ ജെറ്റുകള്‍, 30 ലധികം വരുന്ന മിസൈലുകള്‍, നിരവധി ഡ്രോണുകള്‍ എന്നിവയാണ് നാലുദിവസം നീണ്ട സംഘര്‍ഷത്തില്‍ പാകിസ്താന് നഷ്ടപ്പെട്ടത്.

സൈന്യം നടത്തിയ സാങ്കേതിക അവലോകനത്തിലാണ് ഈ ഡേറ്റകള്‍ ലഭ്യമായത്. ആറ് യുദ്ധവിമാനങ്ങള്‍ പാകിസ്താന് നഷ്ടമായതായും അതിലൊന്ന് ഇലക്ട്രോണിക് വാര്‍ഫെയറിനുപയോഗിക്കുന്നതോ വ്യോമാക്രമണം മുന്‍കൂട്ടി കണ്ടെത്താനുപയോഗിക്കുന്ന അവാക്‌സ് വിമാനമോ ആകാം. ഇന്ത്യയുടെ പക്കലുള്ള റഷ്യന്‍ നിര്‍മിക എസ്-400 സംവിധാനം പാകിസ്താനിലുള്ളില്‍ വെച്ചുതന്നെ ഈ വിമാനത്തിനെ വെടിവെച്ചിട്ടുവെന്നാണ് വിവരം. 300 കിലോമീറ്റര്‍ ദൂരെനിന്നാണ് എസ്-400 എന്ന സുദര്‍ശന്‍ ചക്ര ഈ വിമാനത്തിനെ വെടിവെച്ചിട്ടത്.

ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഭൊലാരി വ്യോമതാവളത്തിലുണ്ടായിരുന്ന മറ്റൊരു സ്വീഡിഷ് നിര്‍മിത അവാക്‌സ് വിമാനം തകര്‍ന്നിരുന്നു. ഈ വ്യോമതാവളം ആക്രമിക്കപ്പെടുന്ന സമയത്ത് അവിടെ ഹാങ്ങറില്‍ മറ്റ് യുദ്ധവിമാനങ്ങളും സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇവയെ ഇന്ത്യ കണക്കുകൂട്ടിയിട്ടില്ല. അവയ്ക്ക് സാരമായ നാശമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ വിമാനങ്ങള്‍ ഇതുവരെ പാകിസ്താന്‍ നീക്കം ചെയ്യുകയോ ഇവിടെ നിന്ന് തകര്‍ന്ന അവശിഷ്ടങ്ങള്‍ പുറത്തേക്ക് മാറ്റുകയോ ചെയ്തിട്ടില്ല.

പാക് യുദ്ധവിമാനങ്ങളെ വെടിവെച്ചിടുന്നതിന്റെ ഇലക്ട്രോണിക് വിവരങ്ങള്‍ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയുടെ റഡാര്‍ സംവിധാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പ്രകാരം മിസൈലേറ്റ് ഈ യുദ്ധവിമാനങ്ങള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് വ്യക്തമാണ്.

പഞ്ചാബ് പ്രവിശ്യയിലെ വ്യോമതാവളത്തില്‍ നടത്തിയ ആക്രമണത്തിലാണ് സി-130 എന്ന മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനം തകര്‍ന്നത്. ഡ്രോണുകള്‍ക്ക് പുറമെ ഇന്ത്യ കൂടുതലും ഉപയോഗിച്ചത് വിമാനങ്ങളില്‍ നിന്ന് തൊടുക്കാവുന്ന ക്രൂസ് മിസൈലുകളായിരുന്നു. ബ്രഹ്‌മോസ് മിസൈലുകള്‍ കൂടുതല്‍ പ്രയോഗിച്ചിട്ടില്ല.

പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ തടുക്കാന്‍ റഫാല്‍ വിമാനങ്ങളും എസ്.യു 30 വിമാനങ്ങളെയും ഉപയോഗിച്ചു. ഇതിലൂടെ നിരവധി ചൈനീസ് നിര്‍മിത മീഡിയം ആള്‍ട്ടിട്ട്യൂഡ് ഡ്രോണ്‍ ആയ വിങ് ലൂങ് ഇന്ത്യ തകര്‍ത്തു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തന്നെ ഇത്തരത്തില്‍ 10 ഡ്രോണുകള്‍ വെടിവെച്ചിട്ടു.

ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ തൊടുത്തുവിട്ട ക്രൂസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും വ്യോമസേന തകര്‍ത്തു. പ്രതീക്ഷിച്ചതിലും വലിയ നാശമാണ് പാകിസ്താന് ഇന്ത്യ നല്‍കിയതെന്നതാണ് വിവരം. വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാറുകളും നല്‍കുന്ന വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. മെയ് ആറിന് ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതുമുതല്‍ തുടങ്ങിയ സംഘര്‍ഷം മെയ് 10നാണ് അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!