കെനിയ അപകടം: ബസ്സിലുണ്ടായിരുന്നത് 14 മലയാളികൾ, മഴയില്‍ വാഹനം മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു

ദോഹ: പെരുന്നാൾ അവധിയോടനുബന്ധിച്ച് ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്രപോയവർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ആറുപേർ മരിച്ചു. ഇതിൽ അഞ്ചുപേർ മലയാളികളാണ്. തിരുവല്ല സ്വദേശിനി ഗീതാ ഷോജി ഐസക് (58), മൂവാറ്റുപുഴ സ്വദേശിനി കുറ്റിക്കാട്ടുചായിൽ ജെസ്ന (29), ഏകമകൾ റൂഹി മെഹ്റിൻ (ഒന്നര), പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ റിഷി വില്ല പുത്തൻപുരയിൽ റിയ (41), മകൾ ടൈറ (ഏഴ്) എന്നിവരാണ് മരിച്ച മലയാളികൾ. തൃശ്ശൂർ പാവറട്ടി മാടക്കായിൽ മുഹമ്മദ് ഹനീഫിന്റെ ഭാര്യയാണ് ജെസ്ന. മുഹമ്മദ് ഹനീഫിന് പരിക്കേറ്റിട്ടുണ്ട്. റിയയുടെ ഭർത്താവ് കോയമ്പത്തൂർ പോത്തനൂർ സ്വദേശി ജോയൽ (41), മകൻ ട്രാവിസ് (14) എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇവർ സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലെ ഗിചാക്കയിൽവെച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ശക്തമായ മഴയിൽ റോഡിൽ തെന്നിനീങ്ങിയ വാഹനം ഒരു മരത്തിലിടിച്ച് മറിയുകയായിരുന്നെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു.
അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
റിയ ആൻ, ടൈറ റോഡ്രിഗസ്, ജെസ്ന, റൂഹി മെഹ്റിൻ, ഗീതാ ഷോജി ഐസക്