ദേശീയപാത 66: കരാർ കമ്പനിയെ വിലക്കുക 2 വർഷത്തേക്ക്, നഷ്ടപരിഹാരവും ഈടാക്കും; 85 കോടിയുടെ അധികനിർമാണം

ന്യൂഡൽഹി: ദേശീയപാത 66-ലെ വിള്ളലുമായി ബന്ധപ്പെട്ട് കരാറുകാരെ രണ്ടുവർഷത്തേക്ക് വിലക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കമ്പനി 85 കോടിയുടെ നിർമാണം അധികമായി നടത്തണം. റോഡ് പുതുക്കിപ്പണിയുന്നതിൽ കമ്പനിയിൽനിന്ന് പൂർണ്ണമായ നഷ്ടപരിഹാരം ഈടാക്കുമെന്നും നിതിൻ ഗഡ്കരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്, കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് (എച്ച്.ഇ.സി) എന്നിവരെ രണ്ടുവർഷത്തേക്ക് ഡീബാർ ചെയ്തതായി മന്ത്രി അറിയിച്ചു. വിഷയത്തിൽ കരാറുകാർക്കെതിരേ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കർശനമായ നടപടി സ്വീകരിക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
മേയ് 19-നാണ് ദേശീയപാത 66-ന്റെ കൂരിയാട് മേഖലയിൽ ചില ഭാഗങ്ങൾ ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റിയുടെ രണ്ടംഗസംഘം പരിശോധന നടത്തുകയും ഇവരുടെ പ്രഥമവിവര റിപ്പോർട്ട് അനുസരിച്ച് കരാർ കമ്പനിയെ ഡീബാർ ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ കൊച്ചിയിലെ പ്രോജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും സൈറ്റ് എന്‍ജിനിയറെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
കൂരിയാട് റോഡ് തകര്‍ന്നതിന് പുറമേ കേരളത്തില്‍ പലയിടത്തും വ്യാപകമായി ദേശീയപാതാനിര്‍മാണത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കേരളത്തില്‍ ആറുവരിപ്പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്നതിലും പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നതിലും ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന് എന്‍എച്ച്എഐ നല്‍കിയ റിപ്പോര്‍ട്ട്. വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിതിൻ ഗഡ്കരിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു.