ഹെലികോപ്റ്ററിൽനിന്നിറങ്ങി അതിസാഹസിക ദൗത്യം: തീപിടിച്ച കപ്പൽ നിയന്ത്രണത്തിൽ; രാസപൗഡർ ബോംബ് പരീക്ഷിക്കും

കൊച്ചി /കോഴിക്കോട്: കേരളതീരത്തിനടുത്തെ അന്താരാഷ്ട്ര കപ്പല്‍ചാലില്‍ തിങ്കളാഴ്ച രാവിലെമുതല്‍ കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ സാഹസികമായി ഇറങ്ങി സേനയുടെ രക്ഷാദൗത്യം. കപ്പലിന്റെ ബോ ഭാഗത്തേക്ക് ഹെലികോപ്റ്ററിലിറങ്ങി മുന്‍വശത്തെ കൊളുത്തില്‍ വടംകെട്ടി കോസ്റ്റ്ഗാര്‍ഡ് കപ്പലായ സമുദ്രപ്രഹരിയുമായി ബന്ധിപ്പിച്ചു. കേരള തീരത്തുനിന്ന് പുറംകടലിലേക്ക് വലിച്ചുനീക്കാന്‍ ശ്രമം തുടങ്ങി. ഇതിനൊപ്പം മുംബൈ തുറമുഖത്തുനിന്ന് എമര്‍ജന്‍സി ടോയിങ് വെസലായ വാട്ടര്‍ ലില്ലി എന്ന ടഗും ഓഫ് ഷോര്‍ വാരിയര്‍ സപ്പോര്‍ട്ട് വെസലും അപകടസ്ഥലത്ത് എത്തി.
കോസ്റ്റ് ഗാര്‍ഡിന്റെ ഒരു മുങ്ങല്‍വിദഗ്ധനും ഗുജറാത്തിലെ പോര്‍ബന്തറില്‍നിന്നുള്ള മറൈന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററില്‍ നിന്നുള്ള സാല്‍വേജ് സംഘത്തിലെ നാലുപേരുമാണ് കനത്തമഴയില്‍ കപ്പലിലിറങ്ങിയത്.
അപകടത്തില്‍ കാണാതായ നാലുജീവനക്കാര്‍ക്കായി കോസ്റ്റ്ഗാര്‍ഡ് കപ്പലുകളായ അര്‍ണവേശ്, രാജ്ദൂത്, കസ്തൂര്‍ബ ഗാന്ധി എന്നീ കപ്പലുകള്‍ തിരച്ചില്‍ തുടരുകയാണ്. സചേത്, സമര്‍ഥ്, വിക്രം എന്നീ കപ്പലുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഡോണിയര്‍ വിമാനങ്ങളുടെ വ്യോമനിരീക്ഷണം ബുധനാഴ്ച ഉച്ചയ്ക്കുശേഷവും തുടരുന്നുണ്ട്.
തിങ്കളാഴ്ച രാവിലെമുതല്‍ നാവികസേനയും തീരസുരക്ഷാസേനയും നടത്തുന്ന ശ്രമത്തിന്റെഭാഗമായി കപ്പലിന്റെ മുന്‍ഭാഗത്തെ തീ പൂര്‍ണമായി അണഞ്ഞതാണ് സാഹസികദൗത്യത്തിന് സഹായകമായത്. നിലവില്‍ കേരളതീരത്തിന് 95 കിലോമീറ്റര്‍ അകലെയാണ് കപ്പല്‍. മധ്യഭാഗത്തുമാത്രമാണ് ഇപ്പോള്‍ സാരമായി തീയുള്ളത്. കപ്പലില്‍ ആകെയുള്ള 1754 കണ്ടെയ്‌നറുകളില്‍ 1083 എണ്ണം ഡെക്കിന് അടിവശത്തായാണ്. മുകളിലുണ്ടായിരുന്ന 671 കണ്ടെയ്‌നറുകളില്‍ 24 എണ്ണമാണ് കടലില്‍ വീണതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് അറിയിച്ചു.
കോസ്റ്റ് ഗാര്‍ഡ് കപ്പലായ സമുദ്രപ്രഹരിയുമായി ബന്ധിച്ചു
: കടലില്‍ പതിച്ച പതിനഞ്ചോളം കണ്ടെയ്നറുകള്‍ കേരള-കര്‍ണാടക തീരത്തേക്കൊഴുകുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനങ്ങള്‍ 10 മുതല്‍ 15വരെ കണ്ടെയ്നറുകള്‍ ഒഴുകുന്നതായി കണ്ടെത്തി. തെക്ക്-കിഴക്ക് ദിക്കിലേക്കൊഴുകുന്ന ഈ കണ്ടെയ്നറുകള്‍ വ്യാഴാഴ്ച തീരംതൊട്ടേക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് വ്യക്തമാക്കി.
ഭാരമില്ലാത്ത ചരക്കുകളാണ് ഇവയിലെന്ന് വ്യക്തമാണെങ്കിലും എന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
തീയണയ്ക്കാന്‍ രാസപൗഡര്‍ ബോംബ് പരീക്ഷിക്കും
ഹെലികോപ്റ്ററില്‍നിന്ന് ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് കപ്പലിലേക്കിട്ട് തീയണയ്ക്കാന്‍ ആലോചനയുണ്ട്. ഈ സംവിധാനമുള്ള ഹെലികോപ്റ്റര്‍ നാവികസേന വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തിക്കുമെന്നറിയുന്നു.