KSDLIVENEWS

Real news for everyone

വിമാനാപകടം: മരണം 294 ആയി, 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; അന്വേഷണത്തിന് യു.എസ് ഏജന്‍സിയും

SHARE THIS ON

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചതായി സ്ഥിരീകരണം. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.

അപകടത്തില്‍ പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 10 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ 24 പ്രദേശവാസികളും കൊല്ലപ്പെട്ടു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40നായിരുന്നു അപകടം നടന്നത്. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടം കത്തിനശിച്ചു. അപകട സ്ഥലത്തുനിന്ന് ആശുപത്രികളിലെത്തിച്ചതില്‍ 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിയാനായി യാത്രക്കാരുടെ ബന്ധുക്കളില്‍ നിന്ന് ഡിഎന്‍എ ശേഖരിക്കുന്നുണ്ട്. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെത്തിയിരുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഹമ്മദാബാദിലെത്തുമെന്നാണ് വിവരം.

അതേസമയം ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപവീതം ധനസഹായം നല്‍കുമെന്ന് എയര്‍ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായി വഹിക്കുമെന്നും തകര്‍ന്ന മെഡിക്കല്‍ കോളേജ് കെട്ടിടം പുനര്‍ നിര്‍മിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

എന്താണ് അപകടത്തിന്റെ കാരണമെന്ന് കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കും. പക്ഷിയിടിച്ചതാണോ അമിത ഭാരമാണോ കാരണമെന്ന് അന്വേഷണത്തിലേ വ്യക്തമാകു. അനുവദനീയമായതിനേക്കാള്‍ ഭാരം വിമാനത്തിലുണ്ടായിരുന്നതുകൊണ്ടാണ് കൃത്യമായ രീതിയില്‍ പറന്നുയരാന്‍ സാധിക്കാതെ വന്നത് എന്നതരത്തിലുള്ള വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിമാനം തകര്‍ന്നുവീഴുന്ന സമയത്ത് വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനരഹിതമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വിമാനത്തിന്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ആരോപണങ്ങളുണ്ട്. ഇതേ വിമാനം ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് എത്തിയതിന് ശേഷമാണ് ലണ്ടനിലേക്ക് പോയത്. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തില്‍ എത്തിയ യാത്രക്കാരില്‍ ഒരാള്‍ ഇത്തരമൊരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ എല്ലാ വശങ്ങളും പരിഗണിക്കുന്നുണ്ട്. ഇന്ത്യന്‍ ഏജന്‍സികളുടെ അന്വേഷണത്തെ സഹായിക്കാന്‍ ബോയിങ് കമ്പനിയുടെ ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തും. ഇതിനൊപ്പം യു.എസ് ഫെഡറല്‍ ഏവിയേന്‍ ഉദ്യാഗസ്ഥരും ഇന്ത്യയിലെത്തും.

650 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് ആദ്യ അപായ സന്ദേശമെത്തുന്നത്. പിന്നാലെ വിമാനം താഴേക്ക് പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!