KSDLIVENEWS

Real news for everyone

ഇസ്രയേല്‍ ആക്രമണത്തില്‍ യുഎസിനും പങ്കെന്ന് ഇറാന്‍: അറിയാമായിരുന്നു, പക്ഷേ; പങ്കില്ലെന്ന് ട്രംപ്

SHARE THIS ON

ടെഹ്റാൻ/വാഷിങ്ടൺ: രാജ്യത്തിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യുഎസിനും പങ്കുണ്ടെന്ന് ആരോപിച്ച് ഇറാൻ. അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ ഷെകാർച്ചി പറഞ്ഞു. അതേ സമയം ഇസ്രയേലിന്റെ ആക്രമണം സംബന്ധിച്ച് അറിവുണ്ടായിരുന്നെങ്കിലും അതിൽ പങ്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ആണവ ചർച്ചകൾ തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാൻ-യുഎസ് ആണവ ചർച്ചകൾ തുടരുന്നതിനിടെയായിരുന്നു വെള്ളിയാഴ്ച രാത്രിയിൽ ഇസ്രേയേലിന്റെ ആക്രമണം. ഇറാനുനേരെ ഇസ്രയേൽ ആക്രമണം നടത്തുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പശ്ചിമേഷ്യയിൽനിന്നുള്ള അത്യാവശ്യമല്ലാത്ത നയതന്ത്രപ്രതിനിധികളോടും സൈനിക കുടുംബാംഗങ്ങളോടും തിരികെവരാൻ യുഎസ് നിർദേശിച്ചിരുന്നു.

ഇറാനു നേരെയുള്ള ആക്രമണത്തിൽ പങ്കില്ലെന്ന് യുഎസ് ആവർത്തിക്കുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹു ട്രംപിന് നന്ദി അറിയിച്ചതും ശ്രദ്ധേയമാണ്. ആക്രമണത്തിന് ശേഷം നടത്തിയ വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ട്രംപിന് നന്ദി അറിയിച്ചത്. ‘ട്രംപിന്റെ പ്രസിഡന്റ് കാലയളവിലുടനീളം നമ്മുടെ രാജ്യത്തിന് നൽകിയ സ്ഥിരമായ പിന്തുണയ്ക്ക് ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു’ നെതന്യാഹു പറഞ്ഞു.

എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നാണ് ട്രംപ് ആവർത്തിച്ചിരിക്കുന്നത്. ഇറാന് അണുബോംബ് ഉണ്ടാക്കാൻ കഴിയില്ലെന്നും അവർ ചർച്ചാ മേശയിലേക്ക് മടങ്ങിയെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ട്രംപ് പറയുകയുണ്ടായി.

‘ഇറാൻ നേതൃത്വത്തിലെ നിരവധിപേർ തിരികെ വരില്ല’ ഇറാൻ സൈനിക മേധാവികളടക്കം കൊല്ലപ്പെട്ടത് സൂചിപ്പിച്ച് ട്രംപ് പറഞ്ഞു. ആക്രമണത്തിന് മുമ്പ് പശ്ചിമേഷ്യയിലെ ഒരു പ്രധാന സഖ്യകക്ഷിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. എന്നാൽ അത് ഏത് രാജ്യമാണെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ല.

അതേസമയം അമേരിക്കൻ പിന്തുണയോടെ ഇസ്രേയൽ നടത്തിയ ആക്രമണത്തിന് ഇരുരാജ്യങ്ങളും കനത്ത വിലനൽകേണ്ടി വരുമെന്നാണ് ഇറാൻ സൈന്യം അറിയിച്ചിരിക്കുന്നത്.

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ ഇസ്ലാമിക് റെവലൂഷൻ ഗാർഡ് കോർപ്സ് (ഐആർജിസി) മേധാവി മേജർ ജനറൽ ഹൊസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി തുടങ്ങിയ സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. കയ്പേറിയതും വേദനാജനകവുമായ വിധി ഇസ്രേയൽ സ്വയം നിർണയിച്ചിരിക്കുന്നു അവർക്കത് ലഭിച്ചിരിക്കുമെന്നാണ് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!