KSDLIVENEWS

Real news for everyone

അനിവാര്യമായ ഘട്ടത്തിൽ ആർഎസ്എസിനൊപ്പം ചേർന്നിട്ടുണ്ട്: സത്യംപറഞ്ഞാൽ വിവാദമാകില്ല; എം.വി ഗോവിന്ദൻ

SHARE THIS ON

നിലമ്പൂര്‍: അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അത് അടിയന്തരാവസ്ഥ ഘട്ടമായിരുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു. നിലമ്പൂര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

‘അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു.അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു’ ഗോവിന്ദന്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി മുമ്പ് എല്‍ഡിഎഫിന് പിന്തുണച്ചത് ഓര്‍മിപ്പിച്ചപ്പോഴായിരുന്നു ഗോവിന്ദന്റെ ഇത്തരത്തിലുള്ള പ്രതികരണം. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും അത് പറഞ്ഞാല്‍ വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്ലാമി ഓരോ മണ്ഡലത്തിലും ഓരോരുത്തരെയാണ് പിന്തുണച്ചത്. അതില്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.

‘ജമാഅത്തെ ഇസ്ലാമിയെ ലോകത്ത് ആദ്യമായിട്ടാണ് ഒരു മുന്നണിയുടെ ഭാഗമാക്കുന്നത്. അത് ഇവിടെയാണ്. ജമാഅത്തെ ഇസ്ലാമി തങ്ങളുടെ അസോസിയേറ്റ് ഘടകക്ഷിയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒരിക്കല്‍പോലും ഒരു വര്‍ഗീയ പ്രസ്ഥാനവുമായിട്ടും രാഷ്ട്രീയ മുന്നണി ഉണ്ടാക്കിയിട്ടില്ല. ഇനിയും നില്‍ക്കില്ല. പക്ഷേ യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി പൂര്‍ണ്ണമായും രാഷ്ട്രീയ ഐക്യമുന്നണിയാണ്. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്ന സ്ഥിതി അടുത്ത ഘട്ടത്തിലുണ്ടാകും’ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

നിലമ്പൂരില്‍ എളുപ്പവുമല്ല, ടൈറ്റുമല്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫിന് ആദ്യംമുതലേ ഒരു രാഷ്ട്രീയവും പറയാനുണ്ടായിരുന്നില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനഹിത പരിശോധനയായി ഇതിനെ പരിഗണിച്ചാലും പ്രശ്‌നമില്ല. പാസാകും. ഇടത് ഇടതുമുന്നണി രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തി നേരിടുന്ന തിരഞ്ഞെടുപ്പാണിതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ വര്‍ഗീയതയെ ഉപയോഗപ്പെടുത്തി യുഡിഎഫും ഭൂരിപക്ഷ വര്‍ഗീയതയെ ഉപയോഗപ്പെടുത്തി ബിജെപിയും നില്‍ക്കുകയാണ്. ഈ രണ്ട് വര്‍ഗീയശക്തികള്‍ക്കെതിരായിട്ടുള്ള ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷ ഉള്ളടക്കമാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസയച്ചാല്‍ അതിന് വക്കീലുമാര്‍ മറുപടി നല്‍കുമെന്നും ചോദ്യത്തിന് പ്രതികരണമായി ഗോവിന്ദന്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തെ ജമാഅത്തെ ഇസ്ലാമി അപലപിച്ചില്ലെന്ന ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ സംഘടന വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ സര്‍വ്വകക്ഷി യോഗം അപലപിച്ചപ്പോള്‍ അതില്‍ ജമാഅത്തെ ഇസ്ലാമി ഇല്ലായിരുന്നു. അത് സംബന്ധിച്ച പത്ര വാര്‍ത്ത അടിസ്ഥാനമാക്കിയാണ് തന്റെ പ്രസ്താവനയെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!