മധ്യപ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് മര്‍ദ്ദനം: യുവാവ് കൊല്ലപ്പെട്ടു; മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

മധ്യപ്രദേശ്: മധ്യപ്രദേശിലെ മെഹ്ഗാവില്‍ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷകർ ക്രൂരമായി മർദിച്ച യുവാവ് കൊല്ലപ്പെട്ടു.
മർദനമേറ്റ മറ്റൊരു യുവാവ് ഗുരുതരാവസ്ഥയില്‍. ജുനൈദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 5 ന് അർദ്ധരാത്രി മെഹ്ഗാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. യുവാക്കള്‍ പശുക്കളെ കൊണ്ടുപോകുന്നതിനിടെ ഗോരക്ഷകർ എന്നവകാശപ്പെടുന്ന ഒരു സംഘം ആക്രമിക്കുകയായിരുന്നു.
മർദനമേറ്റ രണ്ടുപേരെയും ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജൂണ്‍ 17ന് രാവിലെ ജുനൈദ് മരണപ്പെട്ടു. മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ‘എന്റെ മകൻ നിരപരാധിയാണ്. ഇത് ശരിയായി അന്വേഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ആള്‍ക്കൂട്ടത്തിന് അവനെ കൊല്ലാൻ ആരാണ് അവകാശം നല്‍കിയത്? നമ്മള്‍ എങ്ങനെയുള്ള രാജ്യമായി മാറുകയാണ്?’ ജുനൈദിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
നാല് പ്രതികളെ അറസ്റ്റ് ചെയ്തതായി സാഞ്ചി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് നിതിൻ അഹിർവാർ സ്ഥിരീകരിച്ചതായി ദി ഒബ്സർവേർ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പത്തിലധികം പേർ ഇപ്പോഴും ഒളിവിലാണ്. വിദിഷയിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ പുരോഗമിക്കുന്നു. കൊലപാതകശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ച് കലാപം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.