KSDLIVENEWS

Real news for everyone

ടെഹ്റാനിലെ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ, ആക്രമണം കീഴടങ്ങില്ലെന്ന് ഖമീനി പറഞ്ഞതിന് പിന്നാലെ

SHARE THIS ON

ടെഹ്‌റാന്‍: ഇസ്രയേൽ – ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഇരുരാജ്യങ്ങളുടെയും ആക്രമണ – പ്രത്യാക്രമണങ്ങള്‍ തുടര്‍ച്ചയായ ആറാം ദിനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബുധനാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തി. കീഴടങ്ങില്ലെന്ന് ഇറാന്‍ പരമോന്നത നേതാവായ ആയത്തൊള്ള ഖമീനി പ്രതികരിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം.

ടെഹ്‌റാനിലെ തെക്ക് കിഴക്ക് ഭാഗത്തുള്ള പ്രദേശങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. നഗരത്തിലെ വിവിധയിടങ്ങളില്‍ സ്‌ഫോടനം നടന്നതായും കറുത്ത പുക ഉയരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആക്രമണത്തെ സംബന്ധിച്ച് ഇസ്രേയല്‍ സേന പ്രതികരിച്ചിട്ടുണ്ട്. ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേല്‍ സേന അറിയിച്ചു.

അതേസമയം ഇറാന്‍ കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ കടുത്ത ഭാഷയിലാണ് ആയത്തൊള്ള ഖമീനി പ്രതികരിച്ചത്. ഇറാനികള്‍ കീഴടങ്ങുന്നവരല്ലെന്നും ചരിത്രമറിയുന്നവരും വിവേകമുള്ളവരും തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നും ഖമീനി പറഞ്ഞു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ഖമീനി ഇക്കാര്യം അറിയിച്ചത്. സൈനിക നടപടിയുണ്ടായാല്‍ പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് അമേരിക്ക അറിയണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇറാനിയന്‍ ജനത കീഴടങ്ങുന്നവരല്ല, അവരുടെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക ഇടപെടലും പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമാകുമെന്നും അമേരിക്കക്കാര്‍ അറിയണം. ഇറാനെയും അവിടുത്തെ ജനങ്ങളെയും ചരിത്രത്തെയും കുറിച്ച് അറിവുള്ളവരും വിവേകമുള്ളവരും ഈ ജനതയോട് ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കില്ല.’ ഖമീനി മുന്നറിയിപ്പ് നല്‍കി. ഏത് രൂപത്തിലുള്ള അടിച്ചേല്‍പ്പിക്കപ്പെടലിനും ഇറാന്‍ കീഴടങ്ങില്ല. ഇസ്രയേല്‍ ഗുരുതരമായ തെറ്റ് ചെയ്തു, അതിന്റെ അനന്തരഫലങ്ങള്‍ അവര്‍ നേരിടേണ്ടി വരുമെന്നും ഖമീനി കൂട്ടിച്ചേര്‍ത്തു.

ഖമീനിയുടെ ഒളിയിടം അറിയാമെന്നും തത്കാലം അദ്ദേഹം അവിടെ സുരക്ഷിതമായിരിക്കട്ടെ എന്നും ഇപ്പോള്‍ വധിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!