KSDLIVENEWS

Real news for everyone

യുദ്ധത്തില്‍ ഇടപെടണമോയെന്ന് ട്രംപ് തീരുമാനിക്കും; ആരുടേയും സഹായം ആവശ്യമില്ല: നെതന്യാഹു

SHARE THIS ON

ടെല്‍ അവീവ്: ഇറാനുമായുളള യുദ്ധത്തില്‍ ഇടപെടണോ എന്ന തീരുമാനം എടുക്കേണ്ടത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതേ സമയം ഇറാനുമായുള്ള യുദ്ധത്തിന് ആരുടേയും സഹായം ആവശ്യമില്ലെന്നും ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയ്ക്ക് നല്ലത് എന്താണോ അത് ട്രംപ് ചെയ്യുമെന്നും ഇസ്രയേലിന് നല്ലത് താന്‍ ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റിന് കളി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെ ഒറ്റക്ക് നേരിടാനുള്ള ശേഷി രാജ്യത്തിനുണ്ട്. ഈ ഓപ്പറേഷന്റെ അന്ത്യത്തില്‍ ഇസ്‌റാഈലിന് നേരെ ആണവ ഭീഷണിയുണ്ടാകില്ല. ബാലിസ്റ്റിക് ഭീഷണിയും ഉണ്ടാകില്ല. യുദ്ധത്തില്‍ എല്ലാവര്‍ക്കും വ്യക്തിപരമായ നഷ്ടങ്ങളുണ്ടാകുന്നുണ്ട്. എനിക്കും ഈ യുദ്ധം മൂലം നഷ്ടങ്ങളുണ്ടായിട്ടുണ്ട്. എന്റെ മകന്റെ വിവാഹം റദ്ദാക്കേണ്ടി വന്നു- നെതന്യാഹു പറഞ്ഞു.

അതേ സമയം ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ പങ്കുചേരണമോ എന്നത് രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കുമെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു.ഇക്കാര്യത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനമെടുക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. നയതന്ത്ര പരിഹാരത്തിന് രണ്ടാഴ്ച ശ്രമിക്കുമെന്നും അതിന് ശേഷം മാത്രം ഇറാനെതിരെ ആക്രമണം നടത്തണമോ എന്നതില്‍ തീരുമാനം എടുക്കുമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അമേരിക്ക ഇസ്‌റാഈലിനൊപ്പം സംഘര്‍ഷത്തില്‍ പങ്കുചേരുന്നതിനെതിരെ നേരത്തെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷത്തില്‍ പങ്കാളിയായാല്‍ പ്രദേശത്തെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ച് വിടുമെന്ന് ഇറാനെ പിന്തുണയ്ക്കുന്ന ഇറാഖിനെ സായുധപോരാളികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാനിലെ അരക് ആണവകേന്ദ്രത്തില്‍ ഇസ്‌റാഈല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈനിക-ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!