തകർത്തത് തെക്കൻ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രി; ഇറാന്റെ ലക്ഷ്യം ഇസ്രയേൽ സൈനിക ഇന്റലിജൻസ് വിഭാഗം

ടെൽ അവീവ്/ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സായുധസംഘർഷത്തിൽ അമേരിക്ക നേരിട്ടുപങ്കാളിയാകുമെന്ന ആശങ്ക നിലനിൽക്കേ, പരസ്പരം ആക്രമണം കടുപ്പിച്ച് ഇസ്രയേലും ഇറാനും. വ്യാഴാഴ്ച രാവിലെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ബീർബെഷയിലെ സൊറോക മെഡിക്കൽ സെന്റർ തകർന്നു. തെക്കൻ ഇസ്രയേലിലെ ഏറ്റവുംവലിയ ആശുപത്രിയാണിത്.
ആക്രമണത്തിൽ 32 പേർക്ക് പരിക്കേറ്റു. പിന്നാലെ, ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയെ ജീവനോടെ വിടില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് മുന്നറിയിപ്പുനൽകി. ഇസ്രയേലിന്റെ സൈനിക ഇന്റലിജൻസ് വിഭാഗം പ്രവർത്തിക്കുന്നത് ആശുപത്രിയുടെ സമീപത്താണെന്ന് ഇറാൻ അവകാശപ്പെട്ടു. വ്യാഴാഴ്ചത്തെ ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ അരാക്കിലുള്ള ഖോണ്ഡബ് ആണവനിലയത്തിലെ ഘനജല റിയാക്ടർ തകർന്നു.
അതിനിടെ, ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയെന്നും ഇറാന് ആണവപദ്ധതി ഉപേക്ഷിക്കാനുള്ള അവസരമെന്നനിലയ്ക്കാണ് അന്തിമതീരുമാനം വൈകിപ്പിക്കുന്നതെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഇസ്‍ലാമിക് റിപ്പബ്ലിക്കിനെതിരേ സൈനിക ഇടപെടൽ നടത്തിയാൽ അമേരിക്കയിലെ ‘ക്രിമിനൽ ഭരണകൂടവും’ അതിന്റെ ‘വിഡ്ഢി’യായ പ്രസിഡന്റും വിവരമറിയുമെന്ന് ഇറാന്റെ ഗാർഡിയൻ കൗൺസിൽ മുന്നറിയിപ്പുനൽകി.
ഇറാനെ ആക്രമിക്കാൻ യു.എസിന് ട്രംപിന്റെ പച്ചക്കൊടി
വാഷിങ്ടൺ: ഇറാനെ ആക്രമിച്ചുകൊണ്ട് ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ നേരിട്ട് കക്ഷിചേരാനുള്ള പദ്ധതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിെയന്ന് വിവരം. എന്നാലതിൽ അന്തിമതീരുമാനമായിട്ടില്ലെന്നും വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടുചെയ്തു. ഇറാന് ആണവപദ്ധതി ഉപേക്ഷിക്കാൻ സമയം അനുവദിക്കുന്നതിനാണിത് എന്നാണ് സൂചന. ഖൂം നഗരത്തിൽ ഭൂഗർഭത്തിൽ സ്ഥിതിചെയ്യുന്ന ഇറാന്റെ ഫൊർദോ ആണവസമ്പുഷ്ടീകരണകേന്ദ്രം തകർക്കാൻ ഇസ്രയേലിനെ സഹായിക്കുന്ന കാര്യം ട്രംപ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഫൊർദോ തകർക്കാൻ ഇസ്രയേലിന് യുഎസിന്റെ ബങ്കർ ബസ്റ്റർ ബോംബായ ജിബിയു-57എ/ബി വേണം. ബോംബുകൾ ലക്ഷ്യത്തിലിടാൻ യുഎസിന്റെ ബി-2 സ്റ്റെൽത്ത് വിമാനങ്ങളും ആവശ്യമുണ്ട്.
“ചിലപ്പോൾ ചേർന്നേക്കാം, ചിലപ്പോൾ ചേരാതിരിക്കാ”മെന്നാണ് യുദ്ധത്തിൽ കക്ഷിചേരുമോയെന്ന ചോദ്യത്തിന് ട്രംപ് കഴിഞ്ഞദിവസം മറുപടിപറഞ്ഞത്. അതിനുമുൻപ് ആണവപദ്ധതി ഉപേക്ഷിക്കാൻ ഇറാന് രണ്ടാമതൊരു അവസരംകൂടി നൽകുമെന്നും പറഞ്ഞിരുന്നു. നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ശാസന തള്ളിക്കളഞ്ഞ ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയോട് ‘ഭാഗ്യം തുണയ്ക്കട്ടെ’ എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാൽ, താനെന്താണ് ചെയ്യാൻപോകുന്നതെന്ന് ട്രംപ് വിശദീകരിച്ചില്ല.
സംഘർഷത്തിൽ നേരിട്ടുപങ്കാളിയാകില്ലെന്ന് തുടക്കത്തിൽ ആവർത്തിച്ചിരുന്ന ട്രംപിന്റെ നിലപാടുമാറ്റത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തൽ. സൈനികനടപടിയുടെ ആദ്യദിനം ഇറാന്റെ ഉന്നതകമാൻഡർമാരെ ഇസ്രയേലിന് വധിക്കാനായത് ട്രംപിന്റെ പ്രശംസ പിടിച്ചുപറ്റാനിടയാക്കിയെന്നും കരുതുന്നു.
ട്രംപ് നൽകുന്ന ഏത് ഉത്തരവനുസരിച്ചും പ്രവർത്തിക്കാൻ പെന്റഗൺ സജ്ജമാണെന്ന് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സെനറ്റ് കമ്മറ്റി മുൻപാകെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇറാനുമായി എങ്ങനെ ഇടപെടണമെന്നും എന്തൊക്കെ നടപടിവേണമെന്നും സംബന്ധിച്ച റിപ്പോർട്ട് ട്രംപിന് നൽകിയിട്ടുണ്ടെന്നും ഹെഗ്‌സെത്ത് പറഞ്ഞു. അത് ആക്രമണപദ്ധതിയാണോ എന്നതുമാത്രം വെളിപ്പെടുത്തിയില്ല

