ആക്രമണം നിർത്തിയാൽ മാത്രം ചർച്ച: യൂറോപ്യൻ രാജ്യങ്ങളെ നിലപാട് അറിയിച്ച് ഇറാൻ

ജനീവ: ഇസ്രയേൽ ആക്രമണം നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാൻ യൂറോപ്യൻ രാജ്യങ്ങളെ അറിയിച്ചു. ജനീവയിൽ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യൻ യൂണിയന്റെ വിദേശനയകാര്യ മേധാവിയുമായുമുള്ള കൂടിക്കാഴ്ചയിലാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. ‘സമാധാനപരമായ ആവശ്യങ്ങൾക്കാണ് ഇറാന്റെ ആണവപദ്ധതി. അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങൾക്കെതിരാണ്. ഇസ്രയേൽ ആക്രമണം തുടർന്നാൽ സ്വയംപ്രതിരോധമെന്ന അവകാശം ഇറാൻ നിർവഹിക്കും.’ – അബ്ബാസ് അറഗ്ചി വ്യക്തമാക്കി.
അതേസമയം, ജനീവയിൽ നടക്കുന്ന ചർച്ച ഗുണംചെയ്യുമെന്ന് കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാന് യുറോപ്യൻ രാജ്യങ്ങളുമായി ചർച്ച നടത്താൻ താൽപര്യമില്ല. എന്നാൽ ഞങ്ങളോട് സംസാരിക്കാൻ താൽപര്യമുണ്ട്. ഇറാൻ – ഇസ്രയേൽ വിഷയത്തിൽ യുറോപ്യൻ രാജ്യങ്ങൾക്ക് സഹായിക്കാനാവില്ല’ – ട്രംപ് പറഞ്ഞു. അതേസമയം, ഒരാഴ്ചയ്ക്കിടെ ഇറാനിൽ 639 പേർ കൊല്ലപ്പെട്ടെന്നാണ് യുഎസ് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്. ഇസ്രയേലിൽ 24 പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്.

