KSDLIVENEWS

Real news for everyone

മെയ്‌ദേ സന്ദേശം, ആശങ്ക ഉയർത്തി ഇന്‍ഡിഗോ വിമാനം; ഒടുവില്‍ സുരക്ഷിതമായി ഇറക്കി

SHARE THIS ON

ബെംഗളൂരു: മെയ്‌ദേ സന്ദേശം നൽകി ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ധനം കുറവായതിനെത്തുടര്‍ന്ന് പൈലറ്റ് മെയ്‌ദേ സന്ദേശം നൽകിയതായി അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ഗുവാഹാട്ടി-ചെന്നെെ വിമാനമാണ് ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.

കപ്പലോ വിമാനമോ അപകടത്തില്‍പ്പെടുമ്പോഴോ അടിയന്തരസഹായം ആവശ്യമുള്ള ഘട്ടങ്ങളിലോ നല്‍കുന്ന റേഡിയോ സന്ദേശത്തെയാണ് വ്യോമയാനരംഗത്തും സമുദ്ര ഗതാഗതമേഖലയിലും ‘മെയ്‌ദേ’ എന്ന് വിളിക്കുന്നത്.

ഗുവാഹാട്ടി-ചെന്നെ ഇന്‍ഡിഗോ വിമാനത്തില്‍ 168 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

വ്യാഴാഴ്ച വൈകുന്നേരം 4:40ന് ഗുവാഹാട്ടിയില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം രാത്രി 7:45ഓടെ ചെന്നൈയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും, ലാന്‍ഡിംഗ് ഗിയര്‍ റണ്‍വേയില്‍ സ്പര്‍ശിച്ചതിന് ശേഷം വീണ്ടും പറന്നുയര്‍ന്നു. തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 35 മൈല്‍ അകലെ വെച്ച് ക്യാപ്റ്റന്‍ ഒരു ‘മെയ്‌ദേ’ കോള്‍ നടത്തിയെന്നാണ് റിപ്പോർട്ട്.

ചെന്നൈയില്‍ തന്നെ വിമാനമിറക്കാന്‍ പൈലറ്റ് രണ്ടാമതൊരു ശ്രമം നടത്തിയില്ല. പകരം ബെംഗളൂരുവിലേക്ക് പറക്കാന്‍ തീരുമാനിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ദുരന്ത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന്, എടിസി ഓണ്‍-ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളെ അറിയിച്ചു, അവര്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചു. മെഡിക്കല്‍, ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. രാത്രി 8:20 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!