KSDLIVENEWS

Real news for everyone

റസീനയുടെ ആത്മഹത്യ: രണ്ടു പ്രതികൾ വിദേശത്തേക്കു കടന്നു; ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്

SHARE THIS ON

കൂത്തുപറമ്പ് (കണ്ണൂർ): കായലോട് പറമ്പായിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ രണ്ടുപേർ വിദേശത്തേക്ക് കടന്നു. സുനീര്‍, സക്കരിയ എന്നിവർ വിദേശത്തേക്കു കടന്നതായാണ് പൊലീസിനു വിവരം ലഭിച്ചത്. ഇവർക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. യുവതിയുടെ സുഹൃത്ത് റഹീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. യുവതിയുടെ ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വി.സി. മുബഷീർ, കെ.എ. ഫൈസൽ, വി.കെ. റഫ്നാസ് എന്നിവരാണ് റിമാൻഡിലായത്. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീനയെ (40) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്തിനൊപ്പം കണ്ടതിനെത്തുടർന്നുണ്ടായ ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണു ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിൽ സൂചനയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനു പിന്നാലെ ഒളിവിലായിരുന്ന ആൺസുഹൃത്ത് റഹീസ് പൊലീസിനെ സമീപിക്കുകയും മറ്റു രണ്ടു പേർക്കെതിരെ കൂടി പരാതി നൽകുകയും ചെയ്യുകയായിരുന്നു.

യുവതിയുമായി കാറിൽ സംസാരിച്ചിരിക്കെ സംഘം ചേർന്നെത്തിയവർ റഹീസിനെ പിടിച്ചിറക്കി മർദിച്ചെന്നാണ് എഫ്ഐആർ. ഫോട്ടോ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി മൂന്ന് മൊബൈൽ ഫോണുകളും ബലം പ്രയോഗിച്ചു പിടിച്ചുവാങ്ങിയെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം, റഹീസിനെതിരെ റസീനയുടെ ഉമ്മ ഫാത്തിമ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. റസീനയുടെ പണവും സ്വർണവും കൈക്കലാക്കി റഹീസ്  ചൂഷണം ചെയ്യുകയായിരുന്നെന്നാണ് ഉമ്മ നൽകിയ പരാതിയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!