ഇളം കള്ള് നല്ലരീതിയിൽ കൊടുത്താൽ ഏറ്റവും പോഷകസമൃദ്ധമായ ഒന്നായിരിക്കും’; മുഖ്യമന്ത്രിയുടെ പഴയ പ്രസംഗം വീണ്ടും ചർച്ചയാകുന്നു

കണ്ണൂർ: ഇളം കള്ള് നല്ലരീതിയിൽ കൊടുത്താൽ ഏറ്റവും പോഷകസമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ നാടിനും ആ നാടിന്റേതായ സ്വന്തം ചില മദ്യങ്ങളുണ്ട്. അതിൽപ്പെട്ടതാണ് കേരളത്തിന് കള്ളെന്നും അദ്ദേഹം പറഞ്ഞു. 2023 ജൂലൈ 29ന് കണ്ണൂരിൽ പാട്യം ഗോപാലൻ പഠനഗവേഷണ കേന്ദ്രവും ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വികസന സെമിനാർ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗമാണ് ചർച്ചയാകുന്നത്.
മദ്യനയത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ചെത്തിക്കഴിഞ്ഞ ഉടനെയുള്ള നാടൻ കള്ള് ലഭ്യമാക്കുക എന്ന് മദ്യനയത്തിൽ തീരുമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
”ചെത്തിക്കഴിഞ്ഞ് ഉടനെയുള്ള കള്ള്…അതിനെക്കുറിച്ച് അറിയാവുന്നവർക്കെല്ലാം അറിയാം, അപ്പോൾ അത് വലിയ ലഹരിമൂത്തതായിരിക്കില്ല എന്ന്. ഇളം കള്ള് നല്ലരീതിയിൽ കൊടുത്താൽ അത് ഏറ്റവും പോഷകസമൃദ്ധമായ ഒന്നായിരിക്കും”- മുഖ്യമന്ത്രി പറഞ്ഞു.