വിമർശനവും സ്വയംവിമർശനവും കമ്യൂണിസ്റ്റ് പാർട്ടിയുടെ സവിശേഷത; എംവി ഗോവിന്ദനെതിരായ വിമർശനത്തിൽ ജയരാജൻ

കണ്ണൂർ: സിപിഎം സംസ്ഥാന കമ്മറ്റിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. വിമർശനവും സ്വയംവിമർശനവും മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാത്തതും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളതുമായ ഒരു സവിശേഷതയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സിപിഎമ്മിനെ തകർക്കുകയാണ് വാർത്തകൾ കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സമൂഹത്തിലെ വിവിധമേഖലകളിൽ ഉയർന്നുവരുന്ന ജീർണതകൾക്കെതിരെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നൽകുന്ന ശക്തമായ നേതൃത്വത്തിലുള്ള വിശ്വാസം, ഇടിച്ചു താഴ്ത്താനുള്ള ഉദ്ദേശമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
അതിനാലാണ് പാർട്ടി നേതൃത്വത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം വാർത്താ നിർമ്മിതികൾക്കെതിരായി നിയമനടപടി കൈക്കൊള്ളാൻ താൻ ഉൾപ്പെടെയുള്ളവർ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.