മാണ്ഡ്യയിൽ ജീവനൊടുക്കാൻ പെൺകുട്ടി കാവേരി പുഴയിൽചാടി, ഒഴുകിത്തുടങ്ങിയപ്പോൾ പേടിച്ച് നിലവിളിച്ചു; ഒരുരാത്രി മരത്തിൽ

മൈസൂരു: ജീവനൊടുക്കാൻ പുഴയിൽച്ചാടിയ വിദ്യാർഥിനി മരത്തിൽക്കുടുങ്ങി. ഒടുവിൽ ഒരു രാത്രിക്കുശേഷം ജീവിതത്തിലേക്ക് മടങ്ങിവന്നു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിൽ കാവേരിനദിയിൽ ചാടിയ നിയമവിദ്യാർഥിനിയെയാണ് ഒരുരാത്രിക്കുശേഷം വെള്ളിയാഴ്ച രാവിലെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തിയത്. ശ്രീരംഗപട്ടണ സ്വദേശിനിയായ വിദ്യാർഥിനി ബെംഗളൂരുവിലെ സ്ഥാപനത്തിലാണ് പഠിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം ഹംഗരഹള്ളിക്കുസമീപത്തുവെച്ചാണ് നദിയിൽച്ചാടിയത്. അഞ്ചുകിലോമീറ്ററോളം ഒഴുകിപ്പോയി നദിയുടെ നടുവിലുള്ള ഒരു മരത്തിൽ കുടുങ്ങി. ഇതോടെ ഭയന്ന് നിലവിളിച്ച് രാത്രിമുഴുവൻ മരത്തിലിരുന്നു. വെള്ളിയാഴ്ച രാവിലെ കർഷകർ നിലവിളികേട്ടു. ഇവർ വിവരം പോലീസിലറിയിച്ചു. തുടർന്ന് എസ്ഐ എൻ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷപ്പെടുത്തി. തുടർന്ന് മാതാപിതാക്കൾക്ക് കൈമാറി.
നദിയിൽ ജലനിരപ്പ് അല്പംകൂടി ഉയർന്നിരുന്നെങ്കിൽ ഒഴുകിപ്പോകുമായിരുന്നെന്നും യുവതിയുടേത് അദ്ഭുതകരമായ രക്ഷപ്പെടലാണെന്നും പോലീസ് പറഞ്ഞു. ആത്മഹത്യാശ്രമത്തിന്റെ കാരണം അറിവായിട്ടില്ല.