KSDLIVENEWS

Real news for everyone

ഗുജറാത്തില്‍ അനധികൃത മരുന്ന് പരീക്ഷണം: 741 വൃക്ക രോഗികളുടെ മരണങ്ങള്‍ സംശയനിഴലില്‍; വിധേയരായത് 2352 രോഗികള്‍

SHARE THIS ON

അഹമ്മദാബാദ്: ഗുജറാത്തിലെ സർക്കാരാശുപത്രിയിൽ അനധികൃതമായി നടത്തിയ മരുന്ന് പരീക്ഷണങ്ങൾക്കിരയായ 741 വൃക്കരോഗികളുടെ മരണം സംശയത്തിന്റെ നിഴലിൽ. 1999-2017 കാലത്താണ് മരണമുണ്ടായത്. എന്നാൽ, അഹമ്മദാബാദ് കോർപ്പറേഷൻ ആശുപത്രിയിൽ അനുവാദമില്ലാത്ത മരുന്നു പരീക്ഷണങ്ങളിലൂടെ ഡോക്ടർമാർ പണം വെട്ടിച്ച സംഭവം പുറത്തായതിനു പിന്നാലെയാണ് വൃക്കരോഗികളുടെ മരണവും പുറത്തുവരുന്നത്.

സർക്കാർ ഉടമസ്ഥതയിലുള്ള അഹമ്മദാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസസ് ആൻഡ് റിസർച്ച് സെന്ററിൽ(ഐകെഡിആർസി) സ്റ്റെം സെൽ തെറാപ്പി പരീക്ഷണങ്ങൾക്ക് വിധേയരായ 2352 രോഗികളിൽ 741 പേരാണ് മരിച്ചത്. ആശുപത്രിയിൽ അനുമതിയില്ലാതെ നടത്തുന്ന സ്റ്റെംസെൽ തെറാപ്പി പരീക്ഷണങ്ങൾ സംബന്ധിച്ച് സ്വീകരിച്ച നടപടികളറിയിക്കാൻ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് കഴിഞ്ഞദിവസം നിർദേശം നൽകി. 1999-2017 കാലത്തുണ്ടായ ഈ മരണങ്ങൾ സംബന്ധിച്ച സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തി.

91 ശതമാനം കേസുകളിലും തെറാപ്പി പരാജയപ്പെട്ടതായി സിഎജി റിപ്പോർട്ടിൽ പറയുന്നു. പരീക്ഷണങ്ങൾക്ക് ഇരയായവരിൽ 569 പേരിൽ വൃക്ക മാറ്റിവെക്കൽ പരാജയപ്പെട്ടു. അഹമ്മദാബാദ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള വി.എസ്. ഹോസ്പിറ്റലിനെ ക്ളിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിൽനിന്ന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ കഴിഞ്ഞദിവസം വിലക്കിയിരുന്നു. 2021-2025 കാലത്ത് അംഗീകൃത എത്തിക്സ് കമ്മിറ്റിയുടെ അനുമതിയില്ലാതെ അഞ്ഞൂറോളം രോഗികളിലാണ്‌ ഇവർ 50-ഓളം കമ്പനികളുടെ മരുന്നുപയോഗിച്ച് പരീക്ഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!