ഹാസനിലെ ഹൃദയാഘാത മരണങ്ങൾ: കോവിഡ് കുത്തിവയ്പ്പല്ല വില്ലൻ; പുകവലിയും പ്രധാന കാരണം

ബെംഗളൂരു: ഹാസനിൽ ഉൾപ്പെടെ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് പ്രതിരോധ കുത്തിവയ്പുമായി ബന്ധമില്ലെന്നു സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകി. കോവിഡ് കുത്തിവയ്പ് രോഗ പ്രതിരോധ ശേഷി കൂട്ടാൻ സഹായിച്ചിട്ടുണ്ടെന്നും ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ഡയറക്ടർ ഡോ.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിലുള്ള സമിതിയുടെ റിപ്പോർട്ടിലുണ്ട്. ഏപ്രിൽ ഒന്നുമുതൽ മേയ് 31 വരെ ജയദേവയിൽ ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ തേടിയ 45 വയസ്സിൽ താഴെയുള്ള 251 പേരെ പരിശോധിച്ചാണു റിപ്പോർട്ട് തയാറാക്കിയത്.
45 ദിവസത്തിനിടെ ഹാസൻ ജില്ലയിൽ മാത്രം ഹൃദയാഘാതത്തെ തുടർന്നു 30 പേർ മരിച്ച സംഭവം വിവാദമായതോടെയാണു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. അമിത രക്തസമ്മർദം, പ്രമേഹം, പുകവലി തുടങ്ങിയവയാണു ഹൃദ്‌രോഗങ്ങൾക്കു പിന്നിലെന്നു റിപ്പോർട്ടിലുണ്ട്. കോവിഡ് കുത്തിവയ്പ് ഹൃദയാഘാതത്തിനു വഴിവയ്ക്കുന്നതായി ഒരു പഠനത്തിലും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
സർക്കാർ സമിതിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മാപ്പ് പറയണമെന്നു ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ പാർശ്വഫലങ്ങളെ കുറിച്ചു വേണ്ടത്ര പഠനം നടത്തുന്നതിനു മുൻപേ കേന്ദ്രസർക്കാർ തിരക്കിട്ട് അനുമതി നൽകിയതാകാം ഹൃദയാഘാത മരണങ്ങൾക്കു പിന്നിലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. എന്നാൽ, മരണങ്ങൾക്കു കോവിഡ് കുത്തിവയ്പുമായി ബന്ധമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും (ഐസിഎംആർ) നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും (എൻസിഡിസി) ചേർന്നു നടത്തിയ പഠനത്തിൽ തെളിഞ്ഞെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസും മുഖ്യമന്ത്രിയുടെ ആരോപണം നിഷേധിച്ചിരുന്നു.