KSDLIVENEWS

Real news for everyone

ആരോഗ്യമേഖലയെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറെന്ന് വി.ഡി സതീശന്‍

SHARE THIS ON

തിരുവനന്തപുരം: ഉന്നത വിദ്യാഭാസരംഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും നടത്തുന്ന വിവാദങ്ങളുടെ ഇരകളായി മാറുന്നത് വിദ്യാര്‍ത്ഥികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളം മുന്നിട്ട് നിന്നിരുന്ന വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമായി. ഇപ്പോള്‍ മാത്രമല്ല ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ആരോഗ്യരംഗം മേശമായിരുന്നെന്നാണ് മന്ത്രി പറയുന്നത്. വീണ ജോര്‍ജ് മാത്രമല്ല കെ.കെ ശൈലജയും മോശക്കാരിയായിരുന്നെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. അതേക്കുറിച്ചുള്ള തര്‍ക്കമാണ് സി.പി.എമ്മില്‍ നടക്കുന്നത്. സജി ചെറിയാന്‍ പറഞ്ഞതു തന്നെയാണ് പ്രതിപക്ഷവും നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. സിസ്റ്റത്തിന്റെ കുഴപ്പമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞത് ശരിയാണ്. ഇടതു സഹയാത്രികനായ ഡോക്ടറാണ് പൊട്ടിത്തെറിച്ചത്. സര്‍ക്കാരിന്റെ ഇടപെടല്‍ എത്ര മോശമാണെന്ന് ഡോക്ടര്‍മാര്‍ പറയും. ഒരു യോഗം വിളിക്കാന്‍പോലും സാധിക്കുന്നില്ല. എല്ലാ അടിച്ചേല്‍പ്പിക്കുകയാണ്. കാരുണ്യ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും ജെ.എസ്.എസ്.കെയും ഉള്‍പ്പെടെ എല്ലാ നിലച്ചു. 1800 കോടിയാണ് കാരുണ്യ പദ്ധതിക്ക് കുടിശിക. മന്ത്രി പറഞ്ഞതുപോലെ എല്ലാ സിസ്റ്റവും തകരാറിലാണ്. മുഖ്യമന്ത്രി അമേരിക്കയില്‍നിന്ന് തിരിച്ചുവന്നശേഷം അദ്ദേഹം ഒരു സ്ഥലവും സമയവും നിശ്ചയിച്ചാല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആരോഗ്യമേഖലയെക്കുറിച്ചുള്ള സംവാദത്തിന് തയ്യാറാണ്. മുഖ്യമന്ത്രി ആ അബദ്ധം കാട്ടില്ലെന്ന് അറിയാം.

13 സര്‍വകലാശാലകളില്‍ 12-ലും വി.സിമാരില്ല. കേരളത്തിലെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ഇത്രയും ഗതികെട്ടൊരു കാലമുണ്ടായിട്ടില്ല. എല്ലാ സിന്‍ഡിക്കേറ്റുകളും വി.സിയുമായി തര്‍ക്കത്തിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരും രാജ്ഭവനും ഒരുപോലെ കുറ്റക്കാരാണ്. ഒരുകാലത്ത് ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് എല്ലാ വൃത്തികേടുകള്‍ക്കും കൂട്ടുനിന്നത്. ഇപ്പോള്‍ പോരടിക്കുകയാണ്. എളുപ്പത്തില്‍ പരിഹരിക്കാവുന്ന നിസ്സാരമായ പ്രശ്നങ്ങളുടെ പേരിലാണ് രജിസ്ട്രാറുടെ സസ്പെന്‍ഷനും പുതിയ രജിസ്ട്രാറുടെ നിയമനവും. സാങ്കേതിക സര്‍വകലാശാല വി.സിയായിരുന്ന സിസ തോമസിന്റെ പിന്നാലെ നടന്നാണ് സര്‍ക്കാര്‍ വേട്ടയാടിയത്. അവസാനം കോടതിയില്‍നിന്നാണ് അവര്‍ക്ക് നീതികിട്ടിയത്. വ്യക്തിവൈരാഗ്യവും രാഷ്ട്രീയവിരോധവും തീര്‍ക്കാനുള്ള വേദിയായി സര്‍വകലാശാലകളെ മാറ്റരുതെന്നും അദ്ദേഹം കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ലോകം മുഴുവന്‍ മാറിക്കൊണ്ടിരിക്കുമ്പോഴും അക്കാദമിക് രംഗത്തെക്കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ല. കേസും കേസിനുമേല്‍ കേസുകളുമായി വര്‍ഷങ്ങളായി. ഇതൊക്കെ കുട്ടികളെ ബാധിക്കുന്ന വിഷയമാണ്. അല്ലാതെ ആര്‍ക്ക് എന്ത് താത്പര്യമാണുള്ളത്? പ്രശ്നം എത്രയുംവേഗം പരിഹരിക്കേണ്ടേ? മുഖ്യമന്ത്രിയാണെങ്കില്‍ വാ തുറന്ന് ഒരക്ഷരം മിണ്ടില്ല. ഗവര്‍ണര്‍ക്കെതിരെ പറയാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. ബി.ജെ.പിയുമായുള്ള അവിശുദ്ധ ബന്ധത്തിനുള്ള ഇടനിലക്കാരനായി ഗവര്‍ണറെ ഉപയോഗിച്ച ആളാണ് മുഖ്യമന്ത്രി. ഇപ്പോഴുള്ള സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണം. നിങ്ങള്‍ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് മറന്നുപോകരുത്. വി.സിക്ക് റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരമില്ല. ചാര്‍ജുള്ള വി.സി യോഗം പിരിച്ചുവിട്ടതിനുശേഷം സിന്‍ഡിക്കേറ്റ് റജിസ്ട്രാറെ നിയമിച്ചതും ശരിയായ രീതിയിലല്ല. മതസംഘടനകള്‍ക്ക് സെനറ്റ് ഹാള്‍ നല്‍കാന്‍ പാടില്ലെന്ന തീരുമാനമുണ്ടെന്നാണ് വിവരം. എന്നിട്ടും എങ്ങനെയാണ് മതസംഘടനയ്ക്ക് ഹാള്‍ അനുവദിച്ചത്. ചാന്‍സലര്‍ പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാനുള്ള അധികാരം റജിസ്ട്രാര്‍ക്കുണ്ടോ? അങ്ങോട്ടും ഇങ്ങോട്ടും വേണ്ടാത്ത പരിപാടികള്‍ ചെയ്തിട്ടുണ്ട്. ഇതൊക്കെ അടിയന്തരമായി അവസാനിപ്പിക്കണം. രാജ്ഭവനെ രാഷ്ട്രീയ മതപ്രചരണങ്ങള്‍ക്കുള്ള വേദിയാക്കി മാറ്റരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ശക്തിയായി പ്രതികരിക്കാന്‍ അന്ന് സര്‍ക്കാരോ മുഖ്യമന്ത്രിയോ തയാറായില്ലെന്നും സതീശന്‍ പറഞ്ഞു.

പ്രതിപക്ഷം ഗവര്‍ണക്കും സര്‍ക്കാരിനും ഒപ്പമായിരുന്നില്ല. ഒന്നിച്ചുനിന്നാണ് എല്ലാ തെറ്റുകളും ചെയ്തത്. എന്താണ് സെനറ്റ് ഹാള്‍ മതസംഘടനയ്ക്ക് നല്‍കിയത്? ഈ വിവാദമല്ലതെ എന്തെങ്കിലും നടക്കുന്നുണ്ടോ?

ചാരവൃത്തിക്ക് അറസ്റ്റിലായ വ്ളോഗറെ കൊണ്ടുവന്ന് പ്രമോഷന്‍ നടത്തിയതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാകില്ല. സി.പി.എമ്മായിരുന്നു പ്രതിപക്ഷത്തെങ്കില്‍ ടൂറിസം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേനെ. ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും സര്‍ക്കാരിനെ പ്രതിപക്ഷം കുറ്റപ്പെടുത്തില്ല. പക്ഷേ, ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. നിലവിലെ മന്ത്രിയെക്കൊണ്ട് ഇതൊന്നും പറ്റില്ല. അവര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ചിലര്‍ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താന്‍ ഇറങ്ങിയിരിക്കുകയാണ്. ആദ്യമായിട്ടാണല്ലോ മന്ത്രിമാരുടെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുന്നത്! കെ. കരുണാകരനും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ ക്ലിഫ് ഹൗസിലേക്ക് എത്രയോ മാര്‍ച്ച് നടത്തിയവരാണ് സി.പി.എം. മന്ത്രിമാരെ വഴിയില്‍ തടയുന്ന സമരം ഇന്ത്യയില്‍ ആദ്യം കൊണ്ടുവന്നതും സി.പി.എമ്മാണ്. കരിങ്കൊടി പ്രതിഷേധത്തിനെതിരെ എന്തിനാണ് അസ്വസ്ഥത. പ്രതിപക്ഷ നേതാക്കള്‍ റോഡില്‍ ഇറങ്ങില്ലെന്നാണ് ചിലര്‍ പറഞ്ഞത്. ആ ഭീഷണിയില്‍ ഞങ്ങള്‍ പേടിച്ചുപോയെന്ന് അവരോട് പറഞ്ഞേര്. ധനകാര്യമന്ത്രി ഉള്‍പ്പെടെയുള്ളവരാണ് ഭീഷണിപ്പെടുത്തുന്നത്. ഭീഷണിയൊക്കെ കയ്യില്‍ വച്ചാല്‍ മതി. ഇങ്ങോട്ട് എടുക്കേണ്ട. കെ.എം മാണിക്കെതിരെ എന്തൊരു പ്രതിഷേധമായിരുന്നു. ബജറ്റ് അവതരിപ്പിക്കാന്‍പോലും സമ്മതിക്കാതിരുന്നവരാണ് ഇപ്പോള്‍ മന്ത്രിക്കെതിരേ പ്രതിഷേധം പാടില്ലെന്ന് പറയുന്നത്. മന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കരുതെങ്കില്‍ വേറെ ആരെങ്കിലും വന്ന് കൂട്ടുനില്‍ക്കണം. പഴയ ചരിത്രം മറന്നു പോയ സി.പി.എമ്മിന് മുതലാളിത്ത മനോഭാവമാണ്. ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ട് മുതലാളിത്ത സംഘടന ആയതുകൊണ്ടാണ് ആശ വര്‍ക്കര്‍മാരും യൂത്ത് കോണ്‍ഗ്രസും സമരം ചെയ്യാന്‍ പാടില്ലെന്നു പറയുന്നത്. സരം കാണുമ്പോള്‍ ചതുര്‍ത്ഥിയാണ്. 40 വര്‍ഷം മുന്‍പ് നസീറിന്റെയും സത്യന്റെയും സിനിമയിലെ മുതലാളിമാരുടെ സ്വഭാവമാണ് ഇവര്‍ക്ക്. വലിയ ആളുകളായി പോയെന്ന ചിന്തയാണ്.

പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കണമെന്നതാണ് ദേശീയതലത്തിലുള്ള നയം. 75 ശതമാനത്തോളം വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്ന സംസ്ഥാനമാണ് കേരളം. ഇനി ജലവൈദ്യുത പദ്ധതികള്‍ക്കോ ഡീസല്‍ പ്ലാന്റുകള്‍ക്കോ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ സോളാര്‍ എനര്‍ജി ഉപയോഗിക്കുക എന്നതാണ്. എന്നാല്‍ വൈദ്യുതി റെഗുലേറ്ററി അതോറിറ്റി ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ചട്ടം പാരമ്പര്യേതര ഊര്‍ജ സംവിധാനത്തിന്റെ നടുവൊടിക്കുന്നതാണ്. സോളാര്‍ പ്ലാന്റുകളെല്ലാം പൂട്ടേണ്ട അവസ്ഥയാണ്. 1000 കിലോവാട്ടുണ്ടായിരുന്നത് മൂന്ന് കിലോ വാട്ടായി കുറച്ചിരിക്കുകയാണ്. പകല്‍ നല്‍കുന്ന വൈദ്യുതി രാത്രി തിരിച്ച് നല്‍കുമ്പോള്‍ വൈദ്യുതി ബോര്‍ഡ് വലിയ വില ഈടാക്കുകയാണ്. അഞ്ച് കിലോ വാട്ടിന് മുകളില്‍ ഉത്പാദനമുണ്ടെങ്കില്‍ അതിന്റെ 30 ശതമാനവും ബാറ്ററിയില്‍ സൂക്ഷിക്കണെന്നാണ് നിര്‍ദേശം. ഇതിലൂടെ രണ്ടുലക്ഷം രൂപയുടെ ചെലവ് വര്‍ധന എല്ലാ പ്ലാന്റുകളിലുമുണ്ടാകും. വിപണിയില്‍ ലഭ്യമല്ലാത്ത രണ്ട് കമ്പനികളുടെ ബാറ്ററി ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിനു പിന്നില്‍ ഒരു അഴിമതി മണക്കുന്നുണ്ട്. ആ കമ്പനികളുടെ കയ്യില്‍നിന്ന് ബാറ്ററി വാങ്ങുന്നതിനു വേണ്ടിയുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. തീരുമാനത്തില്‍നിന്ന് സര്‍ക്കാരും റെഗുലേറ്ററി അതോറിറ്റിയും പിന്മാറണം. ആറന്മുളയില്‍ വിമാനത്താവളം വേണ്ടെന്ന് നേരത്തേ തീരുമാനിച്ചതാണ്. ഇവരെല്ലാം സമരം ചെയ്തവരല്ലേ. ഇപ്പോഴത്തെ പദ്ധതിയെ കുറിച്ച് പുറത്തൊന്നും പറഞ്ഞിട്ടില്ല. എല്ലാം രഹസ്യമാണ്. അതൊക്കെ പുറത്തു പറയട്ടെ എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!