KSDLIVENEWS

Real news for everyone

കാസർകോട് തോക്ക് നിർമാണകേന്ദ്രം: ഒരാൾ അറസ്റ്റിൽ; രണ്ടുപേർ ഒളിവിൽ; പിടിയിലായയാൾക്കെതിരെ മുമ്പും ആയുധനിയമ പ്രകാരം കേസ്

SHARE THIS ON

രാജപുരം: കള്ളത്തോക്ക് നിർമാണകേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. തോക്ക് നിർമിച്ച് വിൽപന നടത്തുന്ന കണ്ണൂർ ആലക്കോട് കാർത്തികപുരം എരുതമാടമേലരുകിൽ എം.കെ. അജിത് കുമാറിനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. രാജപുരം കോട്ടക്കുന്ന് കൈക്കളൻകല്ലിലെ നിർമാണകേന്ദ്രത്തിൽനിന്ന്‌ രണ്ട് കള്ളത്തോക്കുകളും നിർമാണം പാതി പൂർത്തിയാക്കിയ ഒരു തോക്കും നിർമാണസാമഗ്രികളും പിടിച്ചെടുത്തു. കോട്ടക്കുന്നിൽ വീട് വാടകയ്ക്കെടുത്തായിരുന്നു കള്ളത്തോക്ക് നിർമാണം.

കൊല്ലപ്പണി, ആശാരിപ്പണി, രാമച്ചച്ചെമ്പ് നിർമാണം, തോക്ക് നിർമാണം എന്നിവയിൽ വൈദഗ്ധ്യമുള്ളയാളാണ് പ്രതി. ചെരിച്ചിൽ എന്ന മരത്തിന്റെ ഭാഗം, ജീപ്പിന്റെ എൻഡ് പൈപ്പ്, ഇരുമ്പുപട്ട തുടങ്ങിയവ ഉപയോഗിച്ചാണ്‌ തോക്ക് നിർമാണം. കേസിൽ കൂടുതൽ പ്രതികളുള്ളതായാണ് പോലീസ് പറയുന്നത്. പ്രതിക്ക് സഹായം ചെയ്തുവന്ന രാജപുരം പുഞ്ചക്കരയിലെ സന്തോഷ്, പരപ്പയിലെ ഷാജി എന്നിവർക്കെതിരെ കേസെടുത്തു. ഇവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

പുതിയ തോക്കുകൾ ഒളിവിലുള്ള പ്രതികൾക്കുവേണ്ടിയാണ് നിർമിച്ചതെന്നാണ് വിവരം. 2010, 2011 വർഷങ്ങളിലും ആയുധനിയമ പ്രകാരം പ്രതിയുടെ പേരിൽ രാജപുരം പൊലീസ് കേസെടുത്തിരുന്നു. 2012-ൽ കർണാടക സുള്ള്യയിലും സമാനമായ കേസിൽ ശിക്ഷിക്കപ്പട്ടിട്ടുണ്ട്‌. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ്‌ഭരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ ഡിവൈഎസ്‌പി വി.വി.മനോജിന്റെയും കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെയും നിർദേശത്തെത്തുടർന്നാണ് ചൊവ്വാഴ്ച 3.30-ഓടെ രാജപുരം ഇൻസ്പെക്ടർ പി.രാജേഷിന്റെ നേതൃത്വത്തിൽ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. രാജപുരത്തെ എസ്ഐമാരായ കരുണാകരൻ, ബിജു പുളിങ്ങോം, എഎസ്‌ഐ ഓമനക്കുട്ടൻ, ദിലീപ്, സനൂപ്, വിനോദ്, ഡിവൈഎസ്‌പി തലത്തിലുള്ള സ്ക്വാഡ് അംഗങ്ങളായ സുഭാഷ്, സുഭാഷ് ചന്ദ്രൻ, ജിനേഷ്, എഎസ്‌ഐ അബൂബക്കർ, നികേഷ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിൽ കള്ളത്തോക്കുകളും നിർമാണസാമഗ്രികളുമടക്കം പ്രതിയെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!