ബിജെപിക്ക് പുതിയ ടീം: രമേശും ശോഭയും നേതൃത്വത്തിലേക്ക്; ശ്രീലേഖയും ഷോണും വൈസ് പ്രസിഡന്റുമാർ

തിരുവനന്തപുരം: ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറൽ സെക്രട്ടറിമാരെയാണ് പാർട്ടി പുതുതായി പ്രഖ്യാപിച്ചത്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാധാന്യം പട്ടികയിൽ നൽകിയിട്ടുണ്ട്. എന്നാൽ വി മുരളീധരപക്ഷത്തെ തഴഞ്ഞുകൊണ്ടുള്ള ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.
എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും.ആർ. ശ്രീലേഖ ഐപിഎസ്, ഷോൺ ജോർജ് എന്നിവർ വൈസ് പ്രസിഡന്റുമാർ. ജനറൽ സെക്രട്ടറിമാരായിരുന്ന പി. സുധീറും എസ്. കൃഷ്ണകുമാറും വൈസ്പ്രസിഡന്റുമാരാകും.
ജനറൽ സെക്രട്ടറി സ്ഥാനത്ത് വി. മുരളീധരപക്ഷത്ത് നിന്ന് ആരും ഇല്ല. നാല് ജനറൽ സെക്രട്ടറിമാരിൽ എം.ടി. രമേശിനെയാണ് നിലനിർത്തിയത്.
ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ, പി. സുധീർ, സി. കൃഷ്ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്ണൻ, ഡോ. അബ്ദുൾ സലാം, ആ. ശ്രീലേഖ ഐപിഎസ്, കെ. സോമൻ, അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. ഷോൺ ജോർജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
അശോകൻ കുളനട, കെ. രഞ്ജിത്ത്, രേണു സുരേഷ്, വി.വി. രാജേഷ്, പന്തളം പ്രതാപൻ, ജിജി ജോസഫ്, എം.വി. ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി. ശ്യാരജ്, എം.പി. അഞ്ജന രഞ്ജിത് എന്നിവരാണ് സെക്രട്ടറിമാർ. ട്രഷറർ ഇ. കൃഷ്ണദാസ്.
ബിജെപി ഒറ്റക്കെട്ടാണെന്നും ഗ്രൂപ്പ് ഭിന്നതകളില്ലെന്നും എം.ടി. രമേശ് പറഞ്ഞു. എല്ലാവരും ഒരൊറ്റ ലക്ഷ്യം വെച്ചാണ് മുമ്പോട്ട് പോകുന്നത്. പാർട്ടിയുടെ ചുമതല മാറുന്നതിനനുസരിച്ചല്ലല്ലോ പാർട്ടി പ്രവർത്തനം മാറുക എന്നും എം.ടി. രമേശ് കൂട്ടിച്ചേർത്തു. ഏത് ചുമതല വരുമ്പോഴും ഒരേ പോലെയാണ് പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയെ അധികാരത്തിലേക്ക് എത്തിക്കുംവരേയുള്ള യാത്രയുടെ തുടക്കമാണിത്. യുവാക്കളുടെ പ്രതിനിധിയായിട്ടാണ് താൻ ഇതിലേക്ക് വന്നതെന്ന് അനൂപ് ആന്റണി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. വലിയൊരു ചുമതലയാണ് ഇതെന്നും അനുഗ്രഹമായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.