മനുഷ്യക്കടത്ത്: നാല് മലയാളികളടക്കം 44 ഇന്ത്യക്കാർ മ്യാൻമറിൽ തടങ്കലിൽ

തൃക്കരിപ്പൂർ: യൂറോറോപ്പിലേക്ക് ജോലിതേടിപ്പോയ 4 മലയാളികളടക്കം 44 ഇന്ത്യക്കാർ മ്യാൻമറിൽ തടങ്കലിൽ. ഇവർക്കൊപ്പം ജോലിതേടിപ്പോയി മ്യാൻമറിൽ കുടുങ്ങിയ പടന്ന സ്വദേശി മഷൂദലിയാണ് ഇതുസംബന്ധിച്ച് വിവരം നൽകിയത്. താൽക്കാലിക ജോലിലഭിച്ച മഷൂദലി ഇയാളുടെ കമ്പനിക്കടുത്തുള്ള ഗോഡൗണിൽ തടങ്കലിലുള്ളവരുടെ ദൃശ്യങ്ങൾ പകർത്തി വിദേശകാര്യ മന്ത്രാലയത്തിന് അയച്ചുകൊടുത്തു. മഷൂദലി ഉൾപ്പെടെയുള്ളവരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ സംഘത്തിന്റെ കയ്യിലാണ്. മ്യാൻമറിലെ ഡോങ്‌മെയ് പാർക്കിലാണ് ഇവരെ തടങ്കലിലുള്ളത്. മേയിലാണ് ബെംഗളുരുവിലേക്കെന്നു പറഞ്ഞ് മഷൂദലി വീട്ടിൽനിന്നു പോയത്.
ലണ്ടനിലേക്കു പോകുന്നതിന് തായ്‌ലൻഡിൽ എത്തിയതായി പിന്നീട് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തട്ടിപ്പുസംഘം സമൂഹമാധ്യമങ്ങൾവഴിയാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്ന് മഷൂദലി പറഞ്ഞു. 3 ലക്ഷം രൂപമുതൽ 5 ലക്ഷം രൂപവരെ പലരിൽനിന്നും തട്ടിപ്പുസംഘം വാങ്ങിയിട്ടുണ്ട്. ബാങ്കോക്കിൽ കുറച്ചുനാൾ ജോലിചെയ്ത് പ്രവർത്തന മികവ് തെളിയിക്കുമ്പോൾ അവിടെനിന്നു യുകെയിലേക്ക് ജോലി മാറ്റിനൽകുമെന്നാണ് ഇവരോട് പറഞ്ഞത്. അതു വിശ്വസിച്ച് സംഘത്തിന്റെ വലയിലകപ്പെട്ടവരെ മ്യാൻമാറിലേക്ക് മാറ്റുകയായിരുന്നു.