ഫ്യുവൽ സ്വിച്ച് മനപ്പൂർവം ഓഫാക്കിയത്; വിമാനം പൈലറ്റ് തകർത്തതാകാം-വ്യോമയാന വിദഗ്ധൻ

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ാം തീയതി അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ 171 വിമാനം പൈലറ്റ് മനപ്പൂര്‍വം അപകടത്തില്‍പ്പെടുത്തിയതാകാമെന്ന അതീവ ഗുരുതരമായ ആരോപണവുമായി വ്യോമയാന വിദഗ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ രംഗത്ത്. ഇന്ത്യയിലെ പ്രമുഖ വ്യോമയാന വിദഗ്ധരില്‍ ഒരാളാണ് ഇദ്ദേഹം. എയര്‍ ഇന്ത്യ വിമാനാപകടം മനപ്പൂര്‍വമായ മനുഷ്യ പ്രവര്‍ത്തനത്തിന്റെ ഫലമായിരിക്കാമെന്ന് എന്‍ഡിടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ധന കട്ട്ഓഫ് സ്വിച്ചുകളുടെയും കോക്ക്പിറ്റ് ഓഡിയോയുടെയും ക്രമം ചൂണ്ടിക്കാണിച്ച അദ്ദേഹം കോക്ക്പിറ്റില്‍ മനപ്പൂര്‍വം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് അപകടം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി. ആത്മഹത്യ പോലും ഇക്കാര്യത്തില്‍ സംശയിക്കാമെന്നും മോഹന്‍ രംഗനാഥന്‍ പറഞ്ഞു.
പൈലറ്റുമാരില്‍ ഒരാള്‍ മനപ്പൂര്‍വം ഇന്ധന സ്വിച്ച് ഓഫ് ചെയ്തതായിരിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിക്കാനേ തരമുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘അത് സ്വമേധയാ ചെയ്തതായിരിക്കണം. ഇന്ധന സെലക്ടറുകള്‍ സ്ലൈഡിങ് തരത്തിലുള്ളതല്ലാത്തതിനാല്‍ ഓട്ടോമാറ്റിക്കായോ അല്ലെങ്കില്‍ വൈദ്യുതി തകരാര്‍മൂലമോ എഞ്ചിനിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് നിലയ്ക്കില്ല. ഒരു പ്രത്യേക സ്ലോട്ടില്‍ തുടരുന്ന തരത്തിലാണ് ഇന്ധന സ്വിച്ചുകളുടെ രൂപകല്‍പ്പന. സ്വിച്ച് വലിച്ചുയര്‍ത്തി വേണം അവ മുകളിലേക്കോ താഴേക്കോ നീക്കാന്‍. അതിനാല്‍ തന്നെ അബദ്ധവശാല്‍ അവയെ ഓഫ് പൊസിഷനിലേക്ക് മാറ്റാനുള്ള സാധ്യതയില്ല. മാനുവലായി മനപ്പൂര്‍വം ഓഫാക്കിയതാണിത്.’ – മോഹന്‍ രംഗനാഥന്‍ വ്യക്തമാക്കി.
ശനിയാഴ്ച പുറത്തുവന്ന അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇതിന് ഇടയാക്കിയത് എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതിനാലാണെന്നുമുള്ള കണ്ടെത്തലുള്ളത്. ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നല്‍കന്നതിന്റെയും ശബ്ദരേഖയും പുറത്തുവന്നിരുന്നു.
സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍ പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വിശദമായ അന്വേഷണം വേണമെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.