ഇസ്രായേലുമായുള്ള യുദ്ധത്തില്‍ 1060 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാൻ

ടെഹ്‌റാൻ: ഇസ്രായേല്‍-ഇറാൻ യുദ്ധത്തില്‍ തങ്ങളുടെ 1060 പൗരൻമാർ കൊല്ലപ്പെട്ടെന്ന് ഇറാൻ.
നിരവധി പേർ പരിക്കുകളുമായി ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ പലരും ഗുരുതര പരിക്കുകളുമായി അത്യാസന നിലയിലാണ്. ഒരുപക്ഷെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ഇറാൻ സർക്കാർ വ്യക്തമാക്കി.
ഇറാനിലെ ഫൗണ്ടേഷൻ ഓഫ് മാർട്ടിയേഴ്സ് ആൻഡ് വെറ്ററൻസ് അഫയേഴ്സിന്റെ തലവനായ സയീദ് ഒഹാദി സ്റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ചിലർക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ 1,100 ആകാമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇസ്രയേല്‍ ആക്രമണങ്ങളെ തുടക്കത്തില്‍ കുറച്ചുകാണിക്കാനാണ് ഇറാൻ ശ്രമിച്ചത്. വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷവും നാശനഷ്ടങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളുടെ കണക്കുകള്‍ സർക്കാർ പുറത്തുവിട്ടിരുന്നില്ല.
അതേസമയം, യുദ്ധത്തില്‍ ഔദ്യോഗീക കണക്കുകളെക്കാള്‍ അധികമാളുകള്‍ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. 1190 പേർ യുദ്ധത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടെന്ന് വാഷിംങ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യവകാശ പ്രവർത്തകരുടെ സംഘം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനുപുറമേ 4,475 പേർക്ക് പരിക്കേറ്റുവെന്നും മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ, ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരിക്കേറ്റിരുന്നുവെന്ന ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇറാന്റെ ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. ജൂണ്‍ 16നുണ്ടായ ഇസ്രയേലിന്റെ അപ്രതീക്ഷിത വ്യോമാക്രമണത്തിലായിരുന്നു ഇറാൻ പ്രസിഡന്റിനുള്‍പ്പടെ പരിക്കേറ്റതെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.