ഫലസ്തീൻ പോരാട്ടത്തിന്റെ പ്രതീകം, ലോകത്തിലെ പ്രായം കുറഞ്ഞ തടവുകാരൻ; യൂസുഫ് അൽ സാഖ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരൻ എന്നറിയപ്പെട്ടിരുന്ന ഫലസ്തീൻ ബാലന്‍ യൂസുഫ് അൽ സാഖ്, ഇസ്രായേല്‍ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 17വയസായിരുന്നു. ഗസ്സ സിറ്റിയിലെ അൽ-തവ്‌റ സ്ട്രീറ്റിലുള്ള യൂസുഫ് അൽ-സാഖിന്റെ കുടുംബ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു വ്യോമാക്രമണം.
മാതാവ് ഫാത്തിമ അല്‍ സാഖ് അറസ്റ്റിലായതിനെ തുടര്‍ന്ന് 2008ലാണ് ഇസ്രായേലി ജയിലിൽ വെച്ച് യൂസുഫ് സാഖ് ജനിക്കുന്നത്. ആശുപത്രിയിലേക്ക് പോകവെയാണ് ഇസ്രായേൽ സൈന്യം മാതാവിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലാകുമ്പോൾ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. അറസ്റ്റിന് ശേഷമാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ജയിലറക്കുള്ളില്‍ വെച്ച് തന്നെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
മോശം പരിചരണവും കഠിനമായ സാഹചര്യങ്ങളോടും പടവെട്ടിയാണ് ചെറിയ സെല്ലിലിരുന്ന് അവനെ അമ്മ വളർത്തിയത്. എന്നാല്‍ 2009ല്‍ ഇരുവരും ജയില്‍ മോചിതരായി. ഹമാസ് കസ്റ്റഡിയിലുള്ള ഇസ്രായേലി സൈനികൻ ഗിലാദ് ഷാലിതിന് പകരമായി 20 ഫലസ്തീൻ സ്ത്രീകളെ ഇസ്രായേൽ മോചിപ്പിക്കുന്ന കരാറിന്റെ ഭാഗമായാണ് ഇരുവരെയും വിട്ടയക്കുന്നത്. ഫലസ്തീന്‍ പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയുമൊക്കെ പ്രതീകമായിട്ടാണ് യൂസുഫ് വളർന്നതും അറിയപ്പെട്ടതും.
അതേസമയം ഗസ്സയിൽ വ്യാപക വ്യോമാക്രമണങ്ങളിലൂടെയും മറ്റുമായി 92 പേരെയാണ് ഇസ്രായേൽ സേന ഇന്നലെ(ഞായര്‍) കൊലപ്പെടുത്തിയത്. അൽ അഹ്‍ലി അറബ് ആശുപത്രിയിലെ ജനറൽ സർജൻ ഡോ. അഹ്മദ് ഖൻദീലും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. മധ്യ ഗസ്സയിലെ അൽ നുസൈറാത്ത് അഭയാർഥി ക്യാമ്പുകൾക്ക് സമീപം കാനുകളിൽ വെള്ളം നിറക്കാൻ കാത്തിരിക്കുന്നതിനിടെ ആറു കുട്ടികൾ ഉൾപ്പെടെ പത്തു പേരെയാണ് ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയത്.