KSDLIVENEWS

Real news for everyone

രാജ്യത്തിന്റെ വളർച്ചയിൽ അഭിമാനം: പദവി ഒഴിയുന്നു; ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു

SHARE THIS ON

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച രാജിക്കത്തിൽ ജഗദീപ് ധൻകർ പറഞ്ഞു. അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ എന്നിവരോട് കൃതജ്ഞത അർപ്പിക്കുന്നുവെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നു. മാർച്ചിൽ നെഞ്ചുവേദനയെത്തുടർന്ന് ധൻകർ ഡൽഹി എയിംസിൽ ഏതാനും ദിവസം ചികിത്സയിലായിരുന്നു. അതേസമയം, രാജിയ്‌ക്കു പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണു സൂചന.

രാജ്യത്തിന്റെ വളർച്ചയിൽ അഭിമാനത്തോടെയാണ് താൻ പദവി ഒഴിയുന്നതെന്നും പാർലമെന്റിലെ അംഗങ്ങളോട് തന്റെ സ്നേഹം അറിയിക്കുന്നുവെന്നും ജഗദീപ് ധൻകർ രാജിക്കത്തിൽ വ്യക്തമാക്കി. ഇന്ന് രാജ്യസഭ നിയന്ത്രിച്ചത് രാജ്യസഭാ ചെയർമാൻ കൂടിയായ ജഗദീപ് ധൻകർ ആയിരുന്നു.  രാജ്യസഭയിൽ ഇന്നലെ വൈകിട്ടു സംസാരിക്കുമ്പോഴും ഭരണ–പ്രതിപക്ഷ അംഗങ്ങൾക്ക് ഇത്തരത്തിൽ ഒരു സൂചനയുമുണ്ടായിരുന്നില്ല. രാജി ഇന്നലെത്തന്നെ പ്രാബല്യത്തിൽ വന്നതിനാൽ ഇന്നു രാജ്യസഭയിനെത്താനുള്ള സാധ്യതയുമില്ല.

2022ലാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ ചുമതലയേറ്റത്. പദവിയിൽ രണ്ടു വർഷം ബാക്കിനിൽക്കെയാണു രാജിവയ്ക്കുന്നത്. 2019 മുതൽ 2022 വരെ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തങ്ങളുമായി നിരന്തരം കൊമ്പുകോർത്തിരുന്ന ധൻകറിനെ അധ്യക്ഷ പദവിയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ കത്തു നൽകുന്ന അസാധാരണ നീക്കത്തിനും നേരത്തേ രാജ്യസഭ സാക്ഷിയായിരുന്നു. ബിജെപിക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കുന്നുവെന്നും ഏകപക്ഷീയമായി പെരുമാറുന്നുവെന്നും തങ്ങൾ സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!