KSDLIVENEWS

Real news for everyone

മുഷ്ടി ചുരുട്ടി, കണ്ഠമിടറി, ഉറക്കെ വിളിച്ചു ലാൽ സലാം: വി.എസിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

SHARE THIS ON

ആലപ്പുഴ: അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് വിട നൽകി രാഷ്ട്രീയ കേരളം. മൂന്നുദിവസം നീണ്ടു നിന്ന ദുഃഖാചരണത്തിനൊടുവിൽ സമരസഖാക്കളുറങ്ങുന്ന വലിയ ചുടുകാട്ടിൽ വി.എസിന് അന്ത്യവിശ്രമമായി.

പ്രായവും സമയും വകവെക്കാതെ പതിനായിരങ്ങളാണ് തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള വിലാപയാത്രയിൽ വി.എസിനെ അവസാനമായി കണ്ട് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. ആർത്തലച്ചുപെയ്ത മഴ പോലും അവഗണിച്ചെത്തിയ ജനസാഗരത്തിന് മുന്നിൽ മുൻകൂട്ടി നിശ്ചയിച്ച സമയക്രമങ്ങളെല്ലാം തെറ്റി.

വിലാപയാത്ര തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള 158 കിലോമീറ്റർ താണ്ടാനെടുത്തത് 22 മണിക്കൂറാണ്. കേരളമൊന്നടങ്കം ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയ മണിക്കൂറുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങി മത സാമുദായിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ്‌ വി.എസിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. വി.എസെന്ന അഞ്ചടി അഞ്ചിഞ്ചുകാരനു മുന്നിൽ കക്ഷി മത രാഷ്ട്രീയ ഭേദങ്ങളുടെ മതിലുകളെല്ലാം തകർന്നുവീണു.

തിരുവനന്തപുരം ദർബാർ ഹാളിൽ നിന്നാണ് ഇന്നലെ വിലാപയാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ വി.എസ് ജനിച്ചുവളർന്ന വേലിക്കകത്ത് വീട്ടിൽ പൊതുദർശനം നടത്തി. പിന്നീട് രാഷ്ട്രീയ കർമ മണ്ഡലമായിരുന്ന ആലപ്പുഴയുടെ തെരുവുകളിലൂടെ ജില്ലാ കമ്മിറ്റി ഓഫീസിലും റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമൊരുക്കി. ഔദ്യോഗിക ബഹുമതികളോടെ കേരളം വി.എസിന് വിടനൽകി. വലിയ ചുടുകാട്ടിൽ കോരിച്ചൊരിയുന്ന മഴയിലും വാനിലുയർന്ന ആയിരക്കണക്കിന് മുഷ്ടികൾ ഒരേ സ്വരത്തിൽ ഉറക്കെ വിളിച്ചു, കണ്ണേ..കരളേ…വി.എസ്സേ…മുദ്രാവാക്യങ്ങൾക്കിടയിലൂടെ വി.എസിന്റെ ചിതയിൽ നിന്നുയർന്ന പുകപടലങ്ങൾ ഉയർന്നുപൊങ്ങി.

വലതു കാലിലെ ബയണറ്റ് അടയാളവും ചുരുട്ടിപിടിച്ച മുഷ്ടിയുമായി മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ മനുഷ്യൻ സമരഭൂമിയിൽ എന്നെന്നേക്കുമായി ഉറങ്ങുകയാണിനി. ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!