ഗാസയിലെ ഇസ്രായേല്‍ കൊലവെറിയില്‍ മരണം 60,000 കവിഞ്ഞു; 147 പേര് മരിച്ചത് പട്ടിണിയില്‍

ഗാസ സ്ട്രിപ്: ഇസ്രായേല്‍ ഗാസയ്ക്ക് നേരെ നടത്തുന്ന ശക്തമായ ആക്രമണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 2023 ഒക്ടോബറില്‍ തുടങ്ങിയ യുദ്ധത്തില്‍ ഇതുവരെ 60,034 പലസ്തീന് പൗരന്മാര് കൊല്ലപ്പെട്ടു എന്ന കണക്കാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
അതായത്, 663 ദിവസം കൊണ്ട് കൊന്നുതീര്‍ത്തത് അറുപതിനായിരത്തിലധികം പേരെ!
സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് നേരേയും സഹായവിതരണക്കാര്ക്ക് നേരേയും എല്ലാം ഒരു ദയയും ഇല്ലാത്ത ആക്രമണമാണ് ഇസ്രായേല്‍ അഴിച്ചുവിടുന്നത്. 10 മണിക്കൂര്‍ ഇടവേളയില്‍ ഇസ്രായേല്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനിടയില്‍ പോലും ആക്രമണം നടത്തി. ചൊവ്വാഴ്ച മാത്രം 81 പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
2023 ഒക്ടോബര്‍ 7 മുതല്‍ ആയിരുന്നു ഇസ്രായാല്‍ ആക്രമണം കൂടുതല്‍ രൂക്ഷമാക്കിയത്. പിന്നീട് എല്ലാ ദിവസവും അതിരൂക്ഷമായ ആക്രമണമാണ് തുടരുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങള്‍ എല്ലാം നിരാകരിച്ചുകൊണ്ടാണ് ഈ ആക്രമണങ്ങള്‍. ഓരോ ദിവസവും ശരാശരി 90 പേര് മരിച്ചുവീഴുന്നു എന്ന് പറയുന്നത് വംശഹത്യ തന്നെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇതുവരെ ഒന്നര ലക്ഷത്തോളം ആളുകള്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇതില്‍ പലരുടേയും നില അതീവ ഗുരതരമായി തുടരുകയാണ്. ആവശ്യത്തിനുള്ള ചികിത്സാ സംവിധാനങ്ങളും ഇല്ല. ആശുപത്രികള്‍ അടക്കമുള്ള ഇടങ്ങളെല്ലാം ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നുകിടക്കുകയാണ്. ഒരു രാജ്യത്തിന് നേരിടാനോ പരിഹരിക്കാനോ പറ്റാത്ത വിധം പലസ്തീന് തകര്‍ന്നുകിടക്കുകയാണ്.
മറ്റൊരു ഞെട്ടിപ്പിക്കുന്ന കണക്ക് കൂടി പുറത്ത് വന്നിട്ടുണ്ട്. ഈ ജൂലായ് മാസത്തില്‍ മാത്രം പലസ്തീനില്‍ 39 കായിക താരങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതാണ് അത്. ഇസ്രായേല്‍ ആക്രമണം സഹയാവിതരണത്തിന് തടസ്സമായതോടെ 147 പേര് പട്ടിണികിടന്നും ഈ കാലയളവില്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണം കിട്ടാതെ മരിച്ചതിന്റെ കണക്കാണിത്. ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള കാലയളവില്‍ ഇരുപതിനായിരത്തിലധികം കുട്ടികളെയാണ് പോഷകാഹാരക്കുറവ് മൂലം ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂവായിരത്തിലധികം കുട്ടികളുടെ നില അതീവ ഗുരുതരമാണ്.

