ദേശീയപാത വികസനത്തിന് വേണ്ടി അശാസ്ത്രീയമായ മണ്ണെടുപ്പ്: വീരമലയെ കാക്കാൻ മനുഷ്യമതിൽ

ചെറുവത്തൂർ: പ്രതിഷേധം കത്തിപ്പടർന്നു. വീരമലയുടെ അടിവാരത്തിൽ മനുഷ്യമതിൽ തീർത്ത് മയിച്ച നിവാസികൾ. ദേശീയപാത വികസനത്തിന് വേണ്ടി അശാസ്ത്രീയമായ തോതിൽ മണ്ണെടുപ്പ് നടത്തി നാശോന്മുഖമായ വീരമലയെ സംരക്ഷിക്കുക, ജനങ്ങളുടെ ആശങ്ക ഒഴിവാക്കി വീ മലയിലെ മണ്ണിടിച്ചിൽ തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് മയിച്ച വികസന സമിതിയുടെ നേതൃത്വത്തിലാണ് ജനങ്ങൾ സംഘടിച്ച് വീരമലയുടെ താഴ്‌വാരത്തിൽ ഇന്നലെ രാവിലെ മനുഷ്യമതിൽ തീർത്തത്. മയിച്ച വയൽക്കര ഭഗവതി ക്ഷേത്രപരിസരത്ത് നിന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ മാർച്ച് നടത്തിയാണ് ചെറുവത്തൂർ ചെക്ക് പോസ്റ്റ് മുതൽ മണ്ണിടിച്ചിൽ നടന്ന സ്ഥലം വരെ മനുഷ്യമതിൽ തീർത്തത്. മരിച്ച് കഴിഞ്ഞാൽ മൃതദേഹം സംസ്കരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങൾ.
മഴക്കാലത്ത് വെള്ളം ഒഴുകി പോകുന്ന പരമ്പരാഗത ഓവുചാലുകൾ എല്ലാം ദേശീയപാതയ്ക്ക് വേണ്ടി മണ്ണിട്ട് നികത്തി. ഇതുമൂലം ചെറിയ മഴ വന്നാൽപോലും പ്രദേശമാകെ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള പരിപാടി ഉദ്ഘാടനം ചെയ്തു. എം.രാമകൃഷ്ണൻ അധ്യക്ഷനായി. കെ.മൻജുഷ, കരിമ്പിൽ കൃഷ്ണൻ, വി,.വി കൃഷ്ണൻ, കെ.ബാലകൃഷ്ണൻ, അഡ്വ.കെ.കെ രാജേന്ദ്രൻ, എ.വി ദാമോദരൻ, രവീന്ദ്രൻ മാണിയാട്ട്, രാജീവൻ ചെമ്പ്രകാനം, കെ. സിന്ധു, എം.പി കുഞ്ഞിരാമൻ, മുകേഷ് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.എം.ശിശുപാലൻ, വി.വേണുഗോപാലൻ, കെ.സി ഗിരീഷ്, ടി.വി ബാലകൃഷ്ണൻ, എം.വി മോഹനൻ, കെ.എം അമ്പു, ജയപ്രകാശൻ.പി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.