ജാഗ്രത പാലിക്കണം: വോക്കൽ ഫോർ ലോക്കൽ; ട്രംപിന്റെ തീരുവയ്ക്ക് മോദിയുടെ സ്വദേശി മറുപടി

വാരാണസി: ലോക സമ്പദ്വ്യവസ്ഥ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ‘സ്വദേശി’ (മെയ്ഡ് ഇൻ ഇന്ത്യ) ഉൽപ്പന്നങ്ങൾക്ക് ഊന്നൽ നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകൾക്ക് 25 ശതമാനം തീരുവയും റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ പിഴച്ചുങ്കവും ചുമത്താനുമുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ലോക സമ്പദ്വ്യവസ്ഥ പല ഉയർച്ച താഴ്ചകളിലൂടെയാണ് കടന്നുപോകുന്നത്. എല്ലായിടത്തും അനിശ്ചിതത്വത്തിന്റെ അന്തരീക്ഷമുണ്ട്. ഈ സാഹചര്യത്തിൽ, ഓരോ രാജ്യവും സ്വന്തം താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാൻ പോകുകയാണ്. അതിനാൽ അതിൻ്റെ സാമ്പത്തിക താൽപ്പര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ എല്ലാവർക്കും ഉത്തരവാദിത്വങ്ങളുണ്ട്. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഏതൊരു രാഷ്ട്രീയ പാർട്ടിയും ഏതൊരു നേതാവും രാജ്യ താൽപ്പര്യങ്ങൾക്കായി സംസാരിക്കുകയും ‘സ്വദേശി’ ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രതിജ്ഞയെടുക്കാൻ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. നമ്മൾ എന്തെങ്കിലും വാങ്ങാൻ തീരുമാനിക്കുമ്പോൾ, ഒരു ഇന്ത്യക്കാരൻ വിയർപ്പൊഴുക്കി ഉണ്ടാക്കിയ സാധനങ്ങൾ മാത്രമേ വാങ്ങുകയുള്ളൂ എന്ന ഒരൊറ്റ അളവുകോൽ മാത്രമേ ഉണ്ടാകാവൂ. ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയിലെ ജനങ്ങളുടെ കഴിവും വിയർപ്പും ഉപയോഗിച്ച് നിർമ്മിച്ചതെന്തും നമുക്ക് ‘സ്വദേശി’യാണ്. നമ്മൾ ‘വോക്കൽ ഫോർ ലോക്കൽ’ എന്ന മന്ത്രം സ്വീകരിക്കേണ്ടിവരും. അദ്ദേഹം വ്യക്തമാക്കി.
‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങൾക്ക് പ്രചോദനം നൽകണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, വാങ്ങുന്ന എല്ലാ പുതിയ സാധനങ്ങളും ‘സ്വദേശി’ ആയിരിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. തദ്ദേശീയ ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളൂവെന്ന് തീരുമാനം എടുക്കാൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരോടും അദ്ദേഹം ആവശ്യപ്പെട്ടു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയൂവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.