മെസി ഫാൻസിന് സന്തോഷ വാര്‍ത്ത: ഇതിഹാസതാരത്തിന്റെ ഇന്ത്യന്‍ പര്യടനം ഡിസംബര്‍ 13 മുതല്‍ 15 വരെ; മൂന്ന് നഗരങ്ങള്‍ സന്ദര്‍ശിക്കും; പ്രധാനമന്ത്രി മോദിയേയും കാണും

മുംബൈ: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലെത്തുന്നു. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് പര്യടനം. ഡിസംബര്‍ 14ന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംബന്ധിക്കുന്നതിനാണ് മെസ്സി എത്തുന്നത്.
സച്ചിൻ ടെണ്ടുല്‍ക്കർ, എം.എസ് ധോണി, വിരാട് കോലി, രോഹിത് ശർമ തുടങ്ങി നിരവധി താരങ്ങളും മത്സരത്തില്‍ പങ്കെടുക്കും. ഏഴു പേർ വീതമുള്ള രണ്ടു ടീമുകളാക്കി തിരിച്ച് പ്രദർശന മത്സരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.
സന്ദര്‍ശനത്തിന്റെ ഭാഗമായി മുംബൈ കൂടാതെ കൊല്‍ക്കത്ത, ഡല്‍ഹി നഗരങ്ങളിലും മെസ്സി എത്തും. 13 വര്‍ഷത്തിനു ശേഷമാണ് മെസ്സി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താനിരിക്കുന്നത്.
കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസില്‍ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കുന്ന ചടങ്ങില്‍ മെസ്സി പങ്കെടുക്കും. കൂടാതെ മെസിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഫുട്ബോള്‍ ശില്‍പശാലയും ഒരു ഫുട്ബോള്‍ ക്ലിനിക് ആരംഭിക്കും.
ഈഡൻ ഗാർഡൻസില്‍ താരത്തിനോടുള്ള ബഹുമാനാർത്ഥം ‘ഗോട്ട് കപ്പ്’ എന്ന പേരില്‍ ഒരു സെവൻ-എ-സൈഡ് ടൂർണമെന്‍റും സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ മെസ്സി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചേക്കും.