അൽ അഖ്സ പള്ളിയിൽ പ്രാർഥന നടത്തി ഇസ്രയേൽ മന്ത്രി; ഗാസ പിടിച്ചെടുക്കണമെന്നും ആവശ്യം: ശക്തമായ പ്രതിഷേധം

ജറുസലം: ജൂതൻമാർക്ക് ആരാധന വിലക്കെന്ന കരാർ നിലനിൽക്കെ ജറുസലമിലെ അൽ അഖ്സ പള്ളിയിൽ പ്രാർഥന നടത്തിയ ഇസ്രയേൽ മന്ത്രിയുടെ പ്രവൃത്തിക്കെതിരെ പ്രതിഷേധം ശക്തം. ജോർദാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ ഇസ്രയേലിന്റെ നടപടിക്കെതിരെ രംഗത്തെത്തി. ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമർ ബെൻ-ഗ്വിർ ഒരു തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവാണ്. അൽ-അഖ്സ സമുച്ചയത്തിൽ ജൂത പ്രാർഥന അനുവദിക്കണമെന്ന് അദ്ദേഹം പലപ്പോഴും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പ്രാർഥനയ്ക്കുശേഷം പുറത്തിറങ്ങിയ ബെൻ-ഗ്വിർ ആ പരിസരത്തുവച്ചുതന്നെ ഗാസ പിടിച്ചെടുക്കണമെന്നും പലസ്തീൻകാർ ഇവിടം വിടണമെന്നും ആവശ്യപ്പെട്ടു.
ഞായറാഴ്ചയാണ് ബെൻ-ഗ്വിർ അൽ–അഖ്സ പള്ളി സന്ദർശിച്ച് പ്രാർഥിച്ചത്. ആയിരത്തോളം പേരും കൂടെയുണ്ടായിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ അകമ്പടിയോടെയായിരുന്നു സംഘം എത്തിയത്. നേരത്തേയും പലവട്ടം അൽ–അഖ്സ പള്ളിയിലെത്തിയ ബെൻ-ഗ്വിർ ആദ്യമായാണ് പ്രാർഥന നടത്തിയത്. ജൂതരുടെ വിലാപദിനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. ഹമാസിനുമേലുള്ള ഇസ്രയേലിന്റെ വിജയത്തിനുവേണ്ടിയാണു പ്രാർഥിച്ചതെന്നും ബന്ദികളായവരെ മോചിപ്പിച്ചാലെ ഈ യുദ്ധം ജയിക്കാനാകൂയെന്നും ബെൻ-ഗ്വിർ പറഞ്ഞു.
അതേസമയം, പതിറ്റാണ്ടുകൾ പഴക്കമുള്ള കരാറിനെ ലംഘിച്ച് പ്രാർഥന നടത്തിയ ബെൻ-ഗ്വിറിന്റെ ചെയ്തികളെ വിമർശിച്ച് ഹമാസും വിവിധ രാജ്യങ്ങളും രംഗത്തുവന്നു. പലസ്തീൻ ജനതയ്ക്കെതിരെ നിലവിലുള്ള പ്രകോപനത്തിന്റെ ആഴംകൂട്ടുന്നതാണ് ബെൻ-ഗ്വിറിന്റെ സന്ദർശനമെന്ന് ഹമാസ് വിശേഷിപ്പിച്ചു. പലസ്തീൻ അതോറിറ്റിയുടെ പ്രസിഡന്റ് മഹ്മൂഹ് അബ്ബാസിന്റെ വക്താവും സന്ദർശനം എല്ലാ സീമകളും ലംഘിച്ചെന്നാണു പറഞ്ഞത്. യുഎസ് ഇടപെടണമെന്നും വക്താവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അൽ–അഖ്സ സമുച്ചയത്തിന്റെ ഭരണച്ചുമതല ജോർദാൻ ആസ്ഥാനമായ സംഘടനയ്ക്കാണ്. ഇവരും ബെൻ-ഗ്വിറിന്റെ നടപടിയെ വിമർശിച്ചു രംഗത്തു വന്നിട്ടുണ്ട്. രാജ്യാന്തര നിയമത്തിന്റെ ലംഘനവും അംഗീകരിക്കാനാകാത്ത പ്രകോപനവുമാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ബെൻ-ഗ്വിറിന്റെ നടപടിയെ തള്ളി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു രംഗത്തെത്തി. അൽ-അഖ്സ പള്ളിസമുച്ചയത്തിലെ തൽസ്ഥിതിയിന്മേൽ ഇസ്രയേലിന്റെ നയം മാറിയിട്ടില്ലെന്നും മാറ്റം ഉണ്ടാകില്ലെന്നും നെതന്യാഹു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ ബെൻ-ഗ്വിർ ഇസ്രയേൽ സർക്കാരിൽ ശക്തമായ സ്വാധീനമുള്ള മന്ത്രിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നടപടികൾക്ക് വലിയ പ്രാധാന്യവുമുണ്ട്. ഇതു മേഖലയിലെ സംഘർഷങ്ങൾ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
അൽ-അഖ്സ പള്ളി സ്ഥിതിചെയ്യുന്ന ടെമ്പിൾ മൗണ്ട് / ഹറം അൽ-ഷെരീഫ് എന്ന സമുച്ചയത്തിൽ ജൂതന്മാർക്കു പ്രവേശിക്കുന്നതിലും പ്രാർഥിക്കുന്നതിനും ചില നിയന്ത്രണങ്ങളുണ്ട്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു കരാർ അനുസരിച്ചാണ് അവിടെ കാര്യങ്ങൾ നടക്കുന്നത്. മുസ്ലിം വിഭാഗക്കാർക്കു മാത്രമാണ് സമുച്ചയത്തിൽ പ്രാർഥിക്കാൻ അനുവാദമുള്ളൂ. ജൂതന്മാർക്കു സന്ദർശിക്കാം. പക്ഷേ, പ്രാർഥനയ്ക്ക് അനുവാദമില്ല.