KSDLIVENEWS

Real news for everyone

ലോകനിലവാരമുള്ള വാട്ടർ ടൂറിസം കേന്ദ്രമാകാൻ ആലപ്പുഴ: 74.95 കോടിയുടെ പദ്ധതി; പ്രവൃത്തികൾ ഉടൻ തുടങ്ങും

SHARE THIS ON

ആലപ്പുഴ: ആലപ്പുഴയെ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാരകേന്ദ്രമാക്കി പരിവർത്തനം ചെയ്യുന്നതിനുള്ള ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിയുടെ നിർമാണപ്രവൃത്തികൾ ഉടൻ തുടങ്ങും. പദ്ധതിക്ക് 74.95 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. കേന്ദ്രസർക്കാർ ധനസഹായം ഉൾപ്പെടെ വിനിയോഗിച്ച് പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെയാണ് പദ്ധതി നടത്തിപ്പിനുള്ള നോഡൽ ഏജൻസിയായി നിശ്ചയിച്ചിട്ടുള്ളത്.

സ്വദേശ് ദർശൻ -രണ്ട് പദ്ധതിയുടെ ഭാഗമായാണ് ആലപ്പുഴ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പദ്ധതി ആരംഭിക്കുന്നതിനു മുന്നോടിയായുള്ള യോഗം കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ എംഎൽഎമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. ആലപ്പുഴ ബീച്ചിന്റെ വികസനം, കനാൽ പുനരുദ്ധാരണം, കായൽത്തീരത്തുള്ള ക്രൂയിസ് ടെർമിനൽ എന്നിവ കോർത്തിണക്കിയുള്ള ബീച്ച്-കായൽ ടൂറിസത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യംവെക്കുന്നത്. കനാൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്ലാസ, ബോട്ട് ഡെക്ക്, ബോട്ടുജെട്ടിയുടെ പുനരുദ്ധാരണം തുടങ്ങിയവ ഒരുക്കും.

കായലിനോടു ചേർന്നു നിർമിക്കുന്ന ഇൻറർനാഷണൽ ക്രൂയിസ് ടെർമിനലിൽ ബോട്ട് ടെർമിനൽ കഫ്‌റ്റീരിയ, ബോട്ട് ഡക്കുകൾ എന്നിവ ഉണ്ടാകും. നിർമാണപ്രവൃത്തികൾ അടുത്തവർഷം ഫെബ്രുവരിയിൽത്തന്നെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കളക്ടർ പറഞ്ഞു.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണപ്രവൃത്തികളുടെ ചുമതല. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. മനോജ് കുമാർ കിനി രൂപരേഖ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!