ബിജെപി വക്താവ് ആരതി സാതേ ഹൈക്കോടതി ജഡ്ജി: മഹാരാഷ്ട്രയിൽ വിവാദം; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

മുംബൈ: ബിജെപി മുൻ വക്താവ് അഡ്വ.ആരതി സാതേയെ ബോംബെ ഹൈക്കോടതി ജഡ്ജായി നിയമിച്ചതിൽ മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം. നിയമനം നിയമവ്യവസ്ഥയ്ക്ക് ഏറ്റ തിരിച്ചടിയാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. ലോക്സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.
ബിജെപിയുടെ നിലവിലെ വക്താവായ സാതേ ഉൾപ്പെടെ മൂന്നു പേരെ ജഡ്ജിമാരായി നിയമിച്ച് ജൂലൈ 28ന് ആണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവ് എന്ന നിലയിൽ പ്രവർത്തിക്കുന്ന വ്യക്തിയെ ജഡ്ജിയായി നിയമിച്ച നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് എൻസിപി (പവാർ) ജനറൽ സെക്രട്ടറി രോഹിത് പവാർ പറഞ്ഞു. നിയമനത്തിന് മുൻപ് സാതേ വക്താവിന്റെ പദവി രാജിവച്ചെന്നാണ് ബിജെപിയുടെ വിശദീകരണം.