കണ്ണൂർ സർവകലാശാല: 5 ജനറൽ സീറ്റിലും എസ്എഫ്ഐ, 26–ാം തവണയും യൂണിയൻ നിലനിർത്തി; 2 സീറ്റിൽ യുഡിഎസ്എഫ്

കണ്ണൂർ: സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ അഞ്ച് ജനറൽ സീറ്റുകളിലും എസ്എഫ്ഐക്കു വിജയം. കണ്ണൂർ ജില്ലാ റെപ്രസന്റേറ്റീവ് സീറ്റിലും എസ്എഫ്ഐയ്ക്കാണ് വിജയം. തുടർച്ചയായ 26–ാം തവണയാണ് യൂണിയൻ എസ്എഫ്ഐ നിലനിർത്തുന്നത്. നന്ദജ് ബാബു യൂണിയൻ ചെയർപഴ്സനാകും. കെഎസ്യു, എംഎസ്എഫ് മുന്നണിയായ യുഡിഎസ്എഫ് കാസർഗോഡ്, വയനാട് ജില്ലാ റെപ്രസന്റേറ്റീവ് സീറ്റുകളിൽ വിജയിച്ചു. ഒരു വോട്ടിനാണ് കാസർകോട്ട് യുഡിഎസ്എഫ് വിജയിച്ചത്.
തിരഞ്ഞെടുപ്പിനിടെ ഇന്നു രാവിലെ സംഘർഷവും നാടകീയ രംഗങ്ങളും അരങ്ങേറിയിരുന്നു. എസ്എഫ്ഐ– യുഡിഎസ്എഫ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ചെടിച്ചട്ടിയും ഹെൽമറ്റും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വടിയും കല്ലും എടുത്ത് പരസ്പരം എറിയുന്ന സാഹചര്യവുമുണ്ടായി. ഏറ്റുമുട്ടിയവരെ പിരിച്ചു വിടാൻ പൊലീസ് പല തവണ ലാത്തി വീശി. പൊലീസിനു നേരെയും കയ്യേറ്റമുണ്ടായി.
സംഘർഷത്തിനിടെ എസ്എഫ്ഐ സ്ഥാനാർഥിയായ വിദ്യാർഥിനി വോട്ടു ചെയ്യാനെത്തിയ മറ്റൊരു വിദ്യാർഥിയുടെ തിരിച്ചറിയൽ കാർഡും സ്ലിപ്പും തട്ടിപ്പറിച്ചോടിയെന്ന് ആരോപണമുയർന്നു. പൊലീസ് ഈ പെൺകുട്ടിയെ തടഞ്ഞുവച്ചു. എന്നാൽ താൻ ഐഡി കാർഡ് തട്ടിപ്പറിച്ചില്ലെന്നും പരിശോധിക്കാമെന്നുമായിരുന്നു പെൺകുട്ടിയുടെ നിലപാട്.