വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം: ലക്ഷ്യം തെറ്റി അടിവീണതായി അധ്യാപകന് സമ്മതിച്ചെന്ന് പിടിഎ; ഡിഡിഇ അധ്യാപകന്റെ മൊഴി രേഖപ്പെടുത്തിയില്ല

കാസർകോട്: കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അധ്യാപകൻ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണപടം അധ്യാപകൻ അടിച്ചു പൊട്ടിച്ച സംഭവത്തിൽ പ്രതികരണവുമായി പിടിഎ പ്രസിഡന്റ് എം മാധവൻ. വിദ്യാർത്ഥിയെ അടിച്ചെന്ന് അധ്യാപകൻ സമ്മതിച്ചെന്നും അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്നും ഹെഡ്മാസ്റ്റർ വിശദീകരിച്ചെന്നു പിടിഎ പ്രസിഡന്റ് എം മാധവൻ പറഞ്ഞു. കുട്ടിക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടില്ലെന്നും എം മാധവൻ പറഞ്ഞു.
സംഭവസമയം അധ്യാപകന്റെ ഒരു കൈയിൽ മൈക്ക് ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ കൈ വീശുകയായിരുന്നുവെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. പ്രധാനാധ്യപകൻ മനഃപൂർവം ചെയ്തതാണെന്ന ധാരണ പിടിഎ കമ്മിറ്റിക്ക് ഇല്ലെന്ന് മധവൻ പറഞ്ഞു. എന്നാൽ അധ്യാപകന് വീഴ്ച സംഭവിച്ചെന്നുള്ള ധാരണ പിടിഎയ്ക്കുണ്ടെന്ന് പ്രസിഡൻ്റ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല് കാല് കൊണ്ട് നീക്കിയതിന് കുട്ടിയെ ഹെഡ്മാസ്റ്റർ ചെവിക്ക് അടിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചു നടത്തിയ പരിശോധനയിൽ വലതുചെവിക്കു കേൾവിക്കുറവുണ്ടെന്നും കർണപുടം പൊട്ടിയെന്നും കണ്ടെത്തിയിരുന്നു. അതേസമയം, സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ബിജെപിയും യൂത്ത് കോൺഗ്രസും അടക്കമുള്ളവർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഹെഡ്മാസ്റ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്കൂളിലേക്ക് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. ഇതിനിടെ വിദ്യാഭ്യാസ വകുപ്പ് ഡിഡിഇ ടിവി മധുസൂദനൻ സ്കൂളിൽ പരിശോധനയ്ക്കെക്കെത്തി. അവധിയിലായ അധ്യാപകൻ എം അശോകന്റെ മൊഴി പിന്നീട് രേഖപ്പെടുത്തും.