ബി.ജെ.പിക്കുവേണ്ടി പിന്നാക്കക്കാരെ വോട്ടർപട്ടികയിൽനിന്ന് തിര. കമ്മീഷൻ ഒഴിവാക്കുന്നു: അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ കടുത്ത ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിക്ക് നേട്ടം ലഭിക്കാനായി പിന്നാക്കവിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പാര്‍ലമെന്റ് കോംപ്ലക്‌സില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അഖിലേഷ്. ബിജെപിക്ക് നേട്ടമുണ്ടാക്കുന്നതിനായി മൗര്യ, പാല്‍, ഭഗേല്‍, റാത്തോഡ് തുടങ്ങി നിരവധി പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ തിരഞ്ഞെടുപ്പു കമ്മിഷൻ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യുകയാണ്, അദ്ദേഹം ആരോപിച്ചു. അവരുടെ വോട്ടുകള്‍ ഇല്ലാതാക്കപ്പെടുന്നു എന്നതാണ് സത്യം. ഈ വിഷയം എസ്പി മുന്‍പും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ഈ വോട്ടുകള്‍ മറ്റെവിടേക്കോ പോയെന്ന് വരുത്തിത്തീര്‍ത്തുകൊണ്ട് പിന്നാക്കക്കാരുടെ വോട്ട് ഇല്ലാതാക്കാന്‍ ആസൂത്രിതമായി ചെയ്യുന്നതാണെന്നാണ് മനസ്സിലാക്കേണ്ടത്, അഖിലേഷ് പറഞ്ഞു.
വോട്ടര്‍മാരുടെ പേരുകള്‍ നീക്കംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് എസ്പി വളരെ നേരിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ട മണ്ഡലങ്ങള്‍ പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു. കുറഞ്ഞ സമയത്തിനകം ഞങ്ങള്‍ കണ്ടെത്തിയ സംഗതിയാണിത്. ഞങ്ങള്‍ ആവശ്യപ്പെടുന്ന വിധത്തില്‍ വോട്ടര്‍ പട്ടിക ലഭിക്കുന്നപക്ഷം ഇത്തരത്തിലുള്ള കൂടുതല്‍ സംഭവങ്ങള്‍ കാണിച്ചുകൊടുക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.